Skip to main content

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

നമ്മുടെ പൊതു ഇടങ്ങൾ ശബ്ദമലിനീകരണ കേന്ദ്രങ്ങൾ ആകുമ്പോൾ

Mathews Jacob
September 28, 2025

എന്താണ് ശബ്ദമലിനീകരണം?

ശബ്ദമലിനീകരണം എന്നത് മനുഷ്യരിലും മൃഗങ്ങളിലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള ശബ്ദത്തിന്റെ വ്യാപനമാണ്. ലോകമെമ്പാടുമുള്ള ബാഹ്യ ശബ്ദത്തിന്റെ ഉറവിടം പ്രധാനമായും യന്ത്രങ്ങൾ, ഗതാഗതം, പ്രചാരണ സംവിധാനങ്ങൾ മുതലായവയാണ്.

നിർഭാഗ്യവാശാൽ, പരിഷ്കൃതലോകരാജ്യങ്ങളിൽ നിലവിലില്ലാത്ത മറ്റൊരു ശബ്ദമലിനീകരണ ശ്രോതസ്സുകൂടി നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ, നിലനിൽക്കുന്നുണ്ട്. പൊതുയോഗങ്ങളിലോ ആരാധനാലയങ്ങളിലോ കരിസ്മാറ്റിക് യോഗങ്ങളിലോ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളാണ് ഈ ശബ്ദമലിനീകരണ ശ്രോതസ്സ്. പാശ്ചാത്യ രാജ്യങ്ങളിലും ലോകത്തെ മറ്റ് പരിഷ്കൃത രാജ്യങ്ങളിലും ആളുകൾ കൂടുന്നയിടങ്ങളിൽ അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള ശബ്ദമലിനീകരണം നടത്തുന്നവർ ഉടനടി നടപടി നേരിടേണ്ടി വരികയും വലിയ തുകകൾ പെനാൽറ്റിയായി അടക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ഒരു സർക്കാരും ഇതിൽ ഇടപെടില്ല. ഈ പിൻവലിയലിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ശബ്ദമലിനീകരണം എന്താണെന്നോ അതിന്റെ ദൂഷ്യഫലങ്ങൾ എന്താണെന്നോ ഉള്ള ധാരണ ജനങ്ങൾക്കോ ഭരിക്കുന്നവർക്കോ കാര്യമായി ഉണ്ടാവില്ല. രണ്ട്, നടപടി എടുത്താൽ ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്ന മതവിഭാഗത്തിന്റെ വോട്ട് അടുത്ത തെരഞ്ഞെടുപ്പിൽ കിട്ടില്ലായെന്ന ഭയം.


എത്രയാണ് അനുവദിക്കപ്പെട്ട ശബ്ദനില?

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള 2000-ലെ ശബ്ദമലിനീകരണ (നിയന്ത്രണവും സംരക്ഷണവും) നിയമങ്ങളാണ് ശബ്ദമലിനീകരണം നിയന്ത്രിക്കുവാനായി ഭാരതത്തിൽ നിലവിലുള്ളത്. ഈ നിയമം ഉച്ചഭാഷിണികളോ യന്ത്രങ്ങളോ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അനുവദനീയമായ പരിധികൾ മേഖല അനുസരിച്ച് നിർവചിക്കുകയും കുറ്റവാളികളെ ശിക്ഷിക്കാൻ അധികാരികളെ അധികാരപ്പെടുത്തുകയും ചെയ്യുന്നു.

ചില മേഖലകളിലെ അനുവദനീയമായ ശബ്ദപരിധി ഡെസിബെൽ (dB) താഴെക്കൊടുക്കുന്നു.

  • റെസിഡൻഷ്യൽ ഏരിയയിൽ പകൽ 55 dB, രാത്രി 45 dB
  • കൊമ്മേർഷ്യൽ ഏരിയയിൽ പകൽ 65 dB, രാത്രി 55 dB
  • ഇൻഡസ്ട്രിയൽ ഏരിയയിൽ പകൽ 75 dB, രാത്രി 70 dB
  • ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിലുള്ള നിശബ്ദ മേഘലകളിൽ പകൽ 50 dB, രാത്രി 40 dB

2000 ലെ ശബ്ദമലിനീകരണ (നിയന്ത്രണവും സംരക്ഷണവും) നിയമം അനുസ്സരിച്ചു മേൽപ്പറഞ്ഞ പരിധിക്ക് മുകളിലുള്ള എല്ലാ ശബ്ദവും ശബ്ദമലിനീകരണത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നതും കുറ്റകരവുമാണ്.

ദൈനദിന ജീവിതത്തിൽ നാം കേൾക്കുന്ന ശബ്ദങ്ങൾ

സാധാരണയായി നാം കേൾക്കുന്ന ചില ശബ്ദങ്ങളുടെ അളവ് താഴെകൊടുക്കുന്നു.

  • മോട്ടോർ സൈക്കിൾ: 100 dB
  • ഇടിവെട്ട്‌: 120 dB
  • കരിമരുന്ന്‌ പ്രയോഗം: 150 dB
  • ഡീസൽ എൻജിൻ ഉള്ള ട്രെയിൻ: 100 dB
  • ട്രെയിനിന്റെ ഹോൺ: 110 dB
  • ടേക്ക്ഓഫ് ചെയ്യുന്ന വിമാനം: 140 dB
  • ബ്ലൂടൂത്ത് ലൗഡ്സ്പീക്കർ: 80-100 dB
ഗാനമേളകളിലും പൊതുയോഗങ്ങളിലും ഉപയോഗിക്കുന്ന ലൗഡ്സ്പീക്കർ: 100-120 dB

ശബ്ദമലിനികരണത്തിന്റെ ദൂഷ്യഫലങ്ങൾ

മനുഷ്യന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും വളരെയേറെ ദോഷകരമായി ബാധിക്കുന്ന ഒരു പാരിസ്ഥിതിക പ്രശ്നമാണ് ശബ്ദമലിനീകരണം. അതിതീവ്രമായ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പരിതസ്ഥിതിയിൽ ദീർഘനേരം ചെലവഴിക്കുന്ന വ്യക്തിക്ക് താഴെപ്പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

  • രക്തസമ്മർദ്ധത്തിലെ അപകടകരമായ ഏറ്റക്കുറച്ചിലുകൾ
  • ഹൃദയസംബന്ധമായ അസുഖങ്ങൾ
  • വിട്ടുമാറാത്ത തലവേദന
  • Tinnitus- ചെവിയിൽ മണിയടിക്കുന്നതുപോലെയുള്ള ശബ്ദം കേൾക്കുന്ന അസുഖം
  • കേഴ്‌വിശക്തി ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടുന്ന അവസ്ഥ
  • ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കകുറവ്
  • മനസ്സിക പ്രശ്നങ്ങൾ, മറവി, വിഷാദ രോഗങ്ങൾ

ആരെയാണ് കൂടുതൽ ബാധിക്കുന്നത്?

കുട്ടികളിലും വൃദ്ധജനങ്ങളിലും ശബ്ദമലിനികരണം ഉടനടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ശബ്ദായമാനമായ അന്തരീക്ഷങ്ങളോടുള്ള ദീർഘനാളത്തെ സമ്പർക്കം ഏത് പ്രായക്കാരെയും ബാധിക്കും. ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത് ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കുമാണ്.

നിരന്തരം അമിതമായ ശബ്ദം നിലനിൽക്കുന്ന എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, റെയിൽവേ ട്രാക്ക്‌ മുതലായവയുടെ പരിസരത്ത് താമസിക്കുന്നവർ ശബ്ദമലിനികരണത്തിന്റെ ദൂഷ്യഫലങ്ങൾക്ക് പെട്ടെന്ന് ഇരകളാക്കപ്പെടുന്നു. ഇവിടെയൊക്കെ താമസിക്കുന്ന പ്രായമായവർ മാനസ്സിക രോഗങ്ങൾക്ക് ഇരകളാകുന്നു, കുട്ടികൾക്ക് പഠനസംബന്ധമായ വൈകല്യങ്ങൾ ഉണ്ടാകുന്നു. പുതിയ എയർപോർട്ടുകളും റെയിൽവേ ലൈനുകളും ഒക്കെ സ്ഥാപിക്കുമ്പോൾ നടത്തേണ്ട പാരിസ്ഥിതിക-സാമൂഹിക ആഘാതപഠനങ്ങളിൽ ഇവയൊക്കെ കണക്കിലെടുക്കേണ്ടതാണെങ്കിലും നമ്മുടെ നാട്ടിൽ ഇതിലെല്ലാം വെള്ളം ചേർക്കുന്ന രീതിയാണ് കണ്ടുവരുന്നത്.

എങ്ങിനെ ദൂഷ്യഫലങ്ങളിൽ നിന്നും രക്ഷപെടാം?

ശാന്തവും നിശബ്ദവുമായ അന്തരീക്ഷം തന്നെയാണ് മനുഷ്യർക്കും മൃഗങ്ങൾക്കും ആരോഗ്യകരം. 70 dB യിൽ താഴെയുള്ള ശബ്ദം മാത്രമേ മനുഷ്യന് ദീർഘനേരം സഹിക്കുവാൻ പറ്റുകയുള്ളൂ. എന്നാൽ, 85 dB-യിലോ അതിലും ഉയർന്ന അളവിലോ ഉള്ള ശബ്ദവുമായി ദീർഘകാലസമ്പർക്കം മനുഷ്യന്റെയും മൃഗങ്ങളുടെയും കേൾവിക്ക് മാറ്റാനാവാത്ത കേടുപാടുകൾ വരുത്തും. ശബ്ദനില വർദ്ധിക്കുന്നതിനനുസരിച്ച് സുരക്ഷിതമായ സമ്പർക്ക സമയം കുറയുന്നു. ഉദാഹരണത്തിന്, 85 dB ശബ്ദം പുറപ്പെടുവിക്കുന്ന ലൗഡ്സ്പീക്കറിനു സമീപം തുടർച്ചയായി അങ്ങേയറ്റം രണ്ടു മണിക്കൂറിൽ കൂടുതൽ നിൽക്കുന്നത് അപകടമാണ്. 94 dB ശബ്ദനിലയിൽ സുരക്ഷിതമായ സമ്പർക്കസമയം ഒരു മണിക്കൂറായി കുറയുന്നു, 100 dB-യിൽ അത് 15 മിനിറ്റ് മാത്രമാണ്.

ശബ്ദമലിനീകരണ കേന്ദ്രങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വളരെ കൗശലപൂർവ്വം ഒഴിവാക്കുകയെന്നത് മാത്രമേ പരിഹാരമായുള്ളൂ. ശബ്ദത്തിന്റെ ആഘാതം കുറയ്ക്കുവാനുള്ള ഈയർ പ്ലഗ്ഗുകൾ ട്രെയിൻ/പ്ലെയിൻ യാത്രകളിലും ശബ്ദായമാനമായ അന്തരീക്ഷത്തിൽ പെട്ടുപോകുമ്പോഴും ധരിക്കുന്നത് ഒരളവുവരെ ഉപകാരപ്പെടും.

ചില ക്രൈസ്തവ ദേവാലയങ്ങളിൽ 120 dB യിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിലാണ് സൗണ്ട് ആമ്പ്ലിഫയറുകൾ സെറ്റ് ചെയ്തിരിക്കുന്നത്. അഞ്ചോ പത്തോ മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കുന്നത് അപകടമാണ്. കരിസ്മാറ്റിക് യോഗങ്ങളിൽ പല തട്ടുകളായി അടുക്കിയിരിക്കുന്ന ലൗഡ്സ്പീക്കറുകളുടെ പല നിരകൾ കാണാം. ലൗഡ് സ്പീക്കർ വഴി പരിശുദ്ധാൽമാവ് വരുമെന്ന് പറയുന്നതൊക്കെ അന്ധവിശ്വാസങ്ങളാണ്. ഇത്തരം തട്ടിപ്പുകളിൽ വീണ് നമ്മുടെ കുഞ്ഞുങ്ങളേയും വൃദ്ധജനങ്ങളെയും ഉപദ്രവിക്കരുത്, രോഗികളാക്കരുത്.

കുഞ്ഞുങ്ങളുടെ ബാല്യകാലവും മുതിർന്നവരുടെ വാർദ്ധക്യവും ആസ്വദിക്കാൻ അവരെ അനുവദിക്കുക; അത് അവരുടെ അവകാശമാണ്. ഓർക്കുക, ഒരിക്കൽ നഷ്ടപ്പെട്ടാൽ ആർക്കും തിരിച്ചുകൊടുക്കാനാവാത്തതാണ് രണ്ടും.



Comments