Skip to main content

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

ചില മതാതീത ചിന്തകൾ

Read in English

മതേതരത്വം എന്ന വാക്കിന് പുതിയ ആഖ്യാനം ചമച്ച നാട്ടിലേക്കുള്ള തിരിച്ചു വരവ്

നീണ്ട 44 വർഷത്തെ (1971 - 2015) പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു കാര്യം ബോധ്യപ്പെട്ടു- വലുതും ചെറുതുമായ ഇടവേളകളിൽ അവധിക്ക് വരുമ്പോൾ ലഭിച്ചിരുന്ന പെരുമാറ്റമല്ല നാട്ടിലെ സമൂഹത്തിൽ നിന്നും വിശ്രമജീവിതത്തിനും സ്ഥിര താമസത്തിനും വേണ്ടി വന്ന ഒരു വയോധികന് ലഭിക്കുവാൻ പോകുന്നത്. നാട്ടിൽ ഇതുവരെ അപരിചിതമായിരുന്ന ചില പുതിയ രീതികൾ സാധാരണ രീതികൾ എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സർക്കാരിനെ അനുകൂലിച്ചു സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യം, നമ്മുടെ പ്രധാനമന്ത്രി എന്നൊന്നും പരസ്യമായി പറയരുത്. കേരളമെന്നോ തെക്കേയിന്ത്യയെന്നോ പറയാം. ഉത്തരേന്ത്യ, പ്രത്യേകിച്ച് യു.പി, ബീഹാർ, ഗുജറാത്ത്‌ മുതലായ സംസ്ഥാനങ്ങളിൽ ഇപ്പോൾ നല്ല ഭരണം നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വലിയ പ്രശ്നമാണ്. കുറ്റങ്ങൾ പറയാം; നല്ലതൊന്നും പറയരുത്. നല്ല കാര്യങ്ങൾ പറയുന്നത് ഭരണത്തിലിരിക്കുന്ന ബിജെപിയെ സഹായിക്കും പോലും!

എന്നാൽ, കുറ്റങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചു. അവർക്ക് ചെലവിനു കൊടുക്കുന്നില്ല. മോദിയുടെ കോട്ടിനു പത്തു ലക്ഷം രൂപാ വിലയുണ്ട്. കുറേക്കൂടി ലളിതജീവിതം നയിക്കേണ്ടേ! ഒന്നര ലക്ഷം രൂപാ ഓരോരുത്തരുടെയും അക്കൗണ്ടിൽ ഇട്ടുതരുമെന്ന് പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത് എന്നൊക്കെ പറയുന്നതിനാണ് നമ്മുടെ സമൂഹത്തിൽ സ്വീകാര്യത കിട്ടുന്നത്. ഉത്തരേന്ത്യ മൊത്തം വർഗ്ഗീയ ചിന്താഗതിയുള്ള ജനങ്ങളാണ്, അവിടെയൊക്കെ ക്രിസ്ത്യാനികൾ വലിയ അരക്ഷിതാബോധത്തോടെയാണ് ജീവിക്കുന്നത് എന്നു പറഞ്ഞാൽ വലിയ കയ്യടി കിട്ടുകയും ചെയ്യും.

ഒരു ക്രിസ്ത്യാനിയായി ജനിച്ച എനിക്ക് പതിനഞ്ച് വർഷം എയർ ഫോഴ്‌സിൽ ആയിരുന്നപ്പോഴും ഒമ്പത് വർഷത്തോളം എയർപോർട്ടുകളിൽ ഉദ്യോഗസ്ഥനായിരുന്നപ്പോഴും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പോകേണ്ടി വന്നിട്ടുണ്ടെന്നും ഒരിടത്തും മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രശ്നവും നേരിട്ടില്ലായെന്നും ഒരിക്കൽപോലും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുവാൻവേണ്ടി മുറവിളി കൂട്ടേണ്ടി വന്നിട്ടില്ലായെന്നും മുഖ്യധാരയിൽ എന്നെപ്പോലെ ജീവിക്കാൻ തയ്യാറായ പല ക്രിസ്ത്യാനികളും ഉണ്ടായിരുന്നുവെന്നും പറഞ്ഞപ്പോൾ “ഇയാൾ ഒരു സംഘിയാണ്, ദിവസവും യോഗ ചെയ്യുന്നയാളാണ്” എന്നൊക്കെയായി രോദനങ്ങൾ.

വിശ്രമജീവിതം നയിക്കാൻ വേണ്ടി കേരളത്തിലേക്ക് വന്ന 62 വയസ്സായ എനിക്ക്, അടുത്ത ഒരു കാൽ നൂറ്റാണ്ട് എങ്കിലും ഇന്ത്യ ഭരിക്കാൻ പോകുന്ന ബിജെപിയെയോ അതിന്റെ നേതൃത്വത്തിൽ വരുന്ന നരേന്ദ്ര മോദിയെപ്പോലെയുള്ള നേതാക്കളെയോ, തികച്ചും കാൽപ്പനികമായ കുറ്റങ്ങൾ ആരോപിച്ച് മനസ്സാക്ഷിക്കുത്തുണ്ടാക്കി അമിത രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ രോഗങ്ങളും ക്ഷണിച്ചു വരുത്തേണ്ട കാര്യമില്ല എന്ന് ഞാനും തീരുമാനിച്ചു. മാത്രമല്ല ആ “സംഘി” വിളിയിൽ എനിക്ക് വലിയ ആനന്ദവും അനുഭവപ്പെട്ടു.

“മതേതരത്വം” മതപരിവർത്തനം നടത്താനുള്ള അവകാശമായി കാണുന്ന കൗശലം


ഇവർ പറയുന്നതിൽ കാര്യമില്ലാതില്ല എന്ന് പിന്നീട് എനിക്ക് മനസ്സിലായി. കേരളത്തിൽ നിന്നും മതപ്രചാരണത്തിനും മത പരിവർത്തനത്തിനും വേണ്ടി ഉത്തരേന്ത്യയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്ന ക്രൈസ്തവ സഭകളിലെ പുരോഹിതർക്കും പെന്തക്കോസ്തുകാർക്കും അവരുടെ ശിങ്കിടികൾക്കും വലിയ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും! കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ ഒരു കാരണവശാലും ഇത് കൂടുകയല്ലാതെ കുറയുകയുമില്ലല്ലോ. 

നേരത്തെ ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാരുകൾ പല സംസ്ഥാനങ്ങളിലും അവർ തന്നെ പാസ്സാക്കിയിരുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ കർശനമായി നടപ്പിലാക്കാതെ മതപരിവർത്തന ലോബിക്ക് പച്ചപ്പരവതാനി വിരിച്ചു ന്യൂനപക്ഷപ്രീണനം ഒരു നയമാക്കി മാറ്റിയപ്പോളാണല്ലോ ഹിന്ദു ഏകീകരണം സാധ്യമാവുകയുകയും ബിജെപിക്ക് അധികാരത്തിൽ വരാൻ വഴിയൊരുങ്ങുകയും ചെയ്തത്.

ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവെങ്കിലും മതം എന്റെ അസ്ഥിയിൽ ഒരിക്കലും പിടിച്ചിരുന്നില്ല. ദൈവം, മതം എന്നീ കാര്യങ്ങളിൽ വളരെ ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ ബാല്യത്തിൽ തന്നെ എനിക്ക് കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളിൽ എന്റെ ചെറുപ്പത്തിൽ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളുടെ ഒരു ആരാധകനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ദൈവം, മതം എന്നിവയിൽ ഞാൻ നെഹ്‌റുവിന്റെ ശിഷ്യനായി. മതപരിവർത്തനം അനാവശ്യമായ ഒരു പ്രക്രിയയാണെന്നും അത് സമൂഹത്തിൽ ഭിന്നത ശ്രഷ്ടിക്കാനെ ഉതകൂവെന്നും ഉള്ള ഉറച്ച അഭിപ്രായം ഉറച്ച അടിത്തറയിൽ എന്റെ മനസ്സിൽ പാകിയത് ഇക്കാര്യത്തിൽ മഹാത്മാ ഗാന്ധിക്കുള്ള അഭിപ്രായങ്ങളും നിലപാടുകളുമാണ്. മതം മനുഷ്യന്റെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടിട്ടില്ലായെന്നും എന്നാൽ മനുഷ്യൻ ഇന്നു നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം മതമാണെന്നും എനിക്ക് ബാല്യത്തിൽ തന്നെ ഉറപ്പായിരുന്നു.

ദൈവസങ്കൽപ്പവും മതവും ഒക്കെ തികച്ചും വ്യക്തിപരവും എന്നാൽ രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയും രാജ്യതാൽപ്പര്യങ്ങളും അവയെക്കാൾ മുന്തിയ പരിഗണന അർഹിക്കുന്നുവെന്ന ജവഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളേയും, ഒരു മനുഷ്യൻ ഏത് മതത്തിൽ പിറന്നുവീണവനായാലും അവന് ആൽമീയമായി ഉയർന്ന തലത്തിലേക്ക് വളരുവാൻ ആ മതം തന്നെ മതിയാകുമെന്ന മഹാൽമാ ഗാന്ധിയുടെ നിരീക്ഷണങ്ങളേയും പിന്തുണക്കുന്നവരെ “വർഗ്ഗീയ വാദികൾ” എന്ന് ചിത്രീകരിക്കുകയും, മത തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും വക്താക്കൾ സ്വയം “മതേതരർ” എന്ന വിശേഷണം ചാർത്തി ആൽമരതിയിൽ ആനന്ദം അനുഭവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷമാണ് 2015 ൽ കേരളത്തിൽ എത്തിയപ്പോൾ എനിക്ക് കാണുവാൻ കഴിഞ്ഞത്.

മതത്തിൽ നിന്നും ആത്മീയതയിലേക്കുള്ള വളർച്ച

പിൽക്കാലത്ത് ഇന്ത്യൻ പ്രസിഡണ്ട് ആയ ഡോ. എ. പി. ജെ അബ്ദുൽ കലാമും മതം എന്ന വിഷയത്തിൽ എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ മതത്തിൽ നിന്നും ആത്മീയതയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു (From religion we should graduate to spirituality) എന്ന് പരാമർശിക്കുകയുണ്ടായി. സത്യത്തിൽ, മതങ്ങളുടെ ഒരേയൊരു ഉപയോഗം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക്  സാധിക്കുന്നുണ്ട്. സങ്കുചിതമായ ചിന്തകളെ വെടിഞ്ഞു മനുഷ്യരെ ഉന്നതമായ ഒരു തലത്തിലേക്ക് ഉയർത്തുവാൻ ആത്മീയതയ്ക്കു കഴിയും.

പക്ഷെ, മതത്തിന്റെ പുറന്തോട് പൊളിച്ച്  ആത്മീയതയിലേക്ക് പ്രവേശിക്കാൻ നാം മടിക്കുന്നു, ഭയക്കുന്നു. പരിശീലനാർത്ഥം മതത്തിൽ നിന്നും ആല്മീയതയിലേക്കു വളരുവാൻ നമുക്ക് കഴിയുന്നില്ലായെന്നതുതന്നെയല്ലേ നമ്മുടെ ദുര്യോഗം. മതവുമായി നമ്മെ ബന്ധിപ്പിച്ചിരിക്കുന്ന കയർ പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രനായി ആല്മീയതയിലേക്കു പ്രവേശിക്കുന്നതിനു പകരം ആ കയറുകൊണ്ട് കൂടുതൽ കൂടുതൽ കുരുക്കുകൾ സൃഷ്ടിച്ചു മോചനം അസാധ്യമാക്കുകയല്ലേ നാം സത്യത്തിൽ ചെയ്യുന്നത്?

ഗ്രാഡുവേഷൻ പൂർത്തിയാക്കിയിട്ടും മതത്തിന്റെ പൊളിഞ്ഞ പുറന്തോടിന്റെ മറവിൽ ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്ന മനുഷ്യരെയാണ് മതങ്ങളിൽ നാം കാണുന്നത്. സ്‌കൂളിൽ നിന്നും പാസ്സായി കോളേജിൽ ചേർന്ന വിദ്യാർത്ഥി കോളേജിലെ ക്‌ളാസ്സിൽ കയറാതെ സ്‌കൂളിന്റെ ചുറ്റുവട്ടത്തുതന്നെ കറങ്ങി നടക്കുന്ന ഒരവസ്ഥ. മതങ്ങളുടെ പൗരോഹിത്യം അഥവാ മതനേതൃത്വം ഇതിനെ പ്രോത്സാഹപ്പിക്കുന്നുവെന്നതാണ് വ്യക്തികളുടെ ആത്മീയവളർച്ചയ്ക്കുള്ള പ്രധാന തടസ്സം. മതനേതൃത്വം വ്യക്തിയെ അങ്ങിനെയങ്ങ് നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. പലവിധമായ അന്ധവിശ്വാസങ്ങളിൽ വ്യക്തിയെ തളച്ചിട്ട് അവൻറെ മതം വിട്ട് ആത്മീയതയിലേക്കുള്ള ഉയർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. മത കാര്യസ്ഥർ മതത്തെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റി. അവരുടെ നിലനിൽപ്പിന് ഇതാവശ്യവുമാണ്. ശ്‌മശാനത്തിലെ ആറടി മണ്ണും, മത ചട്ടക്കൂടിന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലിയും, ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് പഠിക്കുവാൻ അവസരവും ഒക്കെ പ്രലോഭനങ്ങളായി വ്യക്തിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്തുള്ള മാനവികത

“മതത്തിൽ നിന്നും ആൽമീയതയിലേക്ക് നാം ഉയരണം” എന്നത് ആർഷഭാരത സംസ്കാരത്തിൽ അഥവാ ഹൈന്ദവതത്വശാസ്ത്രത്തിൽ നിന്നും കടഞ്ഞെടുത്തിട്ടുള്ള ഒരു ആശയമാണ്. ശ്രീ അരൊബിന്ദോയുടേയും മിറാ അൽഫാസയുടേയും രചനകൾ എന്റെ സ്കൂൾ-കോളേജ് പഠനകാലത്ത് ലൈബ്രറികളിൽ ഉണ്ടായിരുന്നതും അവയൊക്കെ വായിക്കുവാൻ മാതാപിതാക്കളും അധ്യാപകരും പ്രോത്സാഹിപ്പിച്ചിരുന്നതും ആ തലമുറയുടെ ഒരു വലിയ സൗഭാഗ്യം തന്നെയായിരുന്നു.

ഏതെങ്കിലും മതത്തിൽ അംഗത്വമെടുത്താൽ മരണാനന്തരം സ്വർഗ്ഗത്തിൽ എത്താനുള്ള പാസ്പ്പോർട്ട് ആയിയെന്നു ഞാൻ വിശ്വസിക്കുന്നില്ല. മതത്തിൽ വിശ്വസിക്കണോ ദൈവത്തിൽ വിശ്വസിക്കണോയെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. മതം മനുഷ്യന് അത്ര അത്യാവശ്യമുള്ള ഒരു കാര്യമല്ലായെന്നു കരുതുന്നവരിലും ഉറച്ച ദൈവവിശ്വാസികളുണ്ടാവും. ഒരു വ്യക്തിയുടെ ദൈവം എന്ന സങ്കല്പം അവന്റെ ഉള്ളിന്റെയുള്ളിൽ അവനറിയാതെ തന്നെ അവന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതല്ലേ? ഒരു വ്യക്തിയും ദൈവവുമായുള്ള ബന്ധത്തിൽ മതവും പുരോഹിതരും ദേവാലയങ്ങളും ഒക്കെ അനിവാര്യമാണോ? മതത്തിന്റെയും പുരോഹിതരുടെയും ഇടപെടൽ ഇല്ലാതെ ഒരു വ്യക്തിക്ക് ഈശ്വര സാക്ഷാൽക്കാരം സാധിക്കില്ലേ?

ശ്രീനാരായണഗുരുവിന്റെ സ്വാധീനത്താലാകാം മതത്തിന്റെ അതിർ വരമ്പുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്പിക്കുവാൻ ചെറുപ്പം മുതൽ എന്റെ മനസ്സ് വെമ്പുന്നുണ്ട്. എല്ലാവരും സഹോദരീ സഹോദരങ്ങൾ… മാനവികത എന്ന മതം മാത്രം! വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങൾ ഉള്ള സഹോദരങ്ങൾ പരസ്പരം കലഹിക്കാതെ കഴിയുന്ന ഭവനങ്ങൾ ആയിരുന്നു നമ്മുടേതെങ്കിൽ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടു തന്നെ ആകുമായിരുന്നില്ലേ! എങ്കിൽ നാം ജീവിക്കുന്ന ഈ ലോകം എത്ര സുന്ദരമായേനേ! ഇഹലോകവാസം എത്ര സന്തോഷപ്രദമായേനെ! ഹാപ്പിനെസ്സ് ഇൻഡക്സിൽ മുൻപിൽ നിൽക്കുന്ന ഫിൻലാൻഡ്, സ്വീഡൻ, ഡെന്മാർക് മുതലായ രാജ്യങ്ങളെ നോക്കി അസൂയപ്പെട്ടിട്ട് മാത്രം കാര്യമില്ലല്ലോ!


ഒരു മതത്തിൽ പിറന്നു വീണതു കൊണ്ടുമാത്രം അവിടെത്തന്നെ നിൽക്കുന്നവരല്ലേ നാമെല്ലാവരും? എങ്കിൽ, എന്റെ മതം മാത്രമാണ് ശരി മറ്റു മതങ്ങൾ ശരിയല്ലായെന്നു പറയുന്നവരെ ഒറ്റപ്പെടുത്തുകയല്ലേ കാലത്തിന്റെ ആവശ്യം?

മതേതര ഭാരതത്തിന്റെ ഭാവി

എനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമുണ്ട്. ഹിന്ദുയിസത്തോടും ഹിന്ദുക്കളോടും സത്യത്തിൽ കൂടുതൽ ബഹുമാനമുണ്ട്; അവരുടെ വലിയ മനസുകൊണ്ടാണല്ലോ മറ്റു മതങ്ങൾ ഈ മണ്ണിൽ തഴച്ചു വളരാൻ ഇടയായത്. എന്നാൽ, ഇന്ത്യയെ ഹിന്ദുക്കളുടെ മാത്രമായ രാഷ്ട്രമാക്കണമെന്നാഗ്രഹിക്കുന്നവരോടു എനിക്ക് പുച്ഛമാണുതാനും. ഹിന്ദുക്കൾ വെറുക്കപ്പെടേണ്ടവരാണെന്നു ചിന്തിക്കുന്നവരോടും, കൂടുതൽ കൂടുതൽ ഹിന്ദുക്കളെ തങ്ങളുടെ മതത്തിലേക്ക് ചേർത്ത് ഈ മഹാരാജ്യത്തിന്റെ സാംസ്‌കാരിക തനിമയെ അട്ടിമറിക്കുന്നത് ജീവിത ദൗത്യമാക്കിയവരോടും എനിക്ക് പരമപുച്ഛമാണ്.

കൂട്ടത്തിൽ ഒരു തിരിച്ചറിവു കൂടി പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. ഹിന്ദുക്കൾ ഈ രാജ്യത്തെ ഭൂരിപക്ഷമായതാണ് ഇന്ത്യ ഒരു മതേതര രാഷ്ട്രമായി ഇപ്പോഴും നിലനിൽക്കാൻ കാരണം. മറ്റേതെങ്കിലും മതമായിരുന്നു ഇവിടുത്തെ ഭൂരിപക്ഷ മതമെങ്കിൽ ആ മതത്തിന്റെ രാഷ്ട്രമായി ഇന്ത്യ എന്നേ മാറുമായിരുന്നു!

13-Dec-2018
Mathews Jacob
www.mathewsjacob.in



Comments

Post a Comment