Skip to main content

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

ഉത്തരാധുനിക കാലത്തെ പള്ളി പൊതുയോഗങ്ങൾ

Mathews Jacob
November 04, 2025



“അടൂരാൻ” എന്നൊരു ബ്ലോഗർ അക്കൗണ്ടിൽകൂടി പള്ളിപ്പെരുന്നാളിനെക്കുറിച്ച് ഞാൻ ഉയർത്തിയ ചോദ്യങ്ങൾക്ക്‌ മറുപടി എന്ന രീതിയിൽ ആധുനിക യുവാക്കളുടെ “ട്രോൾ” ഭാഷയിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയിലും വന്നു. “അടൂരാൻ” ഒരു അപരനാമം ആണ്. ആളിന്റെ യഥാർത്ഥ ഊരും പേരും അറിയില്ല. അതുകൊണ്ടതന്നെ അതിനൊന്നും പ്രതികരിക്കേണ്ട കാര്യവുമില്ല.

ഇത് സംവാദത്തിന്റെയോ തർക്കത്തിന്റെയോ ജയത്തിന്റെയോ പരാജയത്തിന്റെയോ ഒന്നും വിഷയമല്ല. എന്നെപ്പോലെയുള്ള വായോധികരെ ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുന്നതിൽനിന്നും ഒഴിവാക്കേണ്ട ചുമതല സത്യത്തിൽ വികാരിയച്ചനുണ്ടായിരുന്നു. ഞായറാഴ്ച്ച കുർബ്ബാന കഴിഞ്ഞുള്ള അന്നൗൺസ്‌മെന്റ് സമയം ആണല്ലോ ആളുകളെ അവരറിയാതെ ഇത്തരം സാഹചര്യങ്ങളിലേക്ക് തള്ളി വിടുന്നത്. എന്നെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് ഇതിൽനിന്നും ഇളവുകൊടുക്കണം. അഥവാ ഞങ്ങളാരെങ്കിലും പോകുവാനായി എണീറ്റാൽ വികാരിയച്ചൻ പരസ്യമായി അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ഒന്നുകൊണ്ടുമാത്രമാണ് ഞങ്ങൾ ഈ പീഡനത്തിന് ഇരുന്നു തരുന്നത്. കഴിഞ്ഞയാഴ്ചയിലും സുവിശേഷ സംഘത്തിന്റെ പ്രതിനിധിയെ കുർബ്ബാനക്ക് ശേഷം വചനപ്രഘോഷണത്തിനു അച്ചൻ ക്ഷണിച്ചപ്പോൾ കുറച്ച് ആളുകൾ പള്ളിക്ക് വെളിയിൽ പോയി. ഇടവകാംഗങ്ങൾ കൈമുത്തിക്കഴിഞ്ഞേ വെളിയിൽ ഇറങ്ങാവൂ എന്ന് അച്ചൻ അൽപ്പം നീരസത്തോടുകൂടി പരസ്യമായി മൈക്കിൽക്കൂടിതന്നെ മുന്നറിയിപ്പ് കൊടുത്തു. ഇത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുളവാക്കുന്നുണ്ട്. ചിലപ്പോൾ ഒന്ന് മൂത്രം ഒഴിക്കാൻ പോയിട്ട് തിരികെ വരാമെന്ന് കരുതി ആയിരിക്കും ആൾക്കാർ ഇറങ്ങുന്നത്. മാനുഷിക പരിഗണന കൊടുത്തുകൊണ്ട് അത്തരം ഇളവുകൾ അനുവദിക്കേണ്ടതാണ്.

70 വയസ്സ് കഴിഞ്ഞാൽ പള്ളിയുടെ ഒരു കാര്യത്തിലും ആഴത്തിൽ ഇടപെടേണ്ടാ എന്ന ചിന്താഗതിക്കാരനാണ് ഞാൻ. കമ്മിറ്റിയിലോ വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലോ എംസിഎയിലോ ഒക്കെ ചെറുപ്പക്കാർ വരട്ടെയെന്നു കരുതി ഒഴിഞ്ഞുമാറി കൊടുക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. വെറുതെ വാചകമടിക്കാതെ അതൊക്കെ പ്രയോഗികമാക്കി സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ അസ്വസ്ഥരാകുന്ന വൃദ്ധജനങ്ങൾക്ക് മാതൃക കാട്ടുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

സത്യത്തിൽ, ഒക്ടോബർ 27ന് നടന്ന പൊതുയോഗത്തിൽ പങ്കെടുക്കുവാൻ എനിക്ക് ഒട്ടും താൽപ്പര്യമില്ലായിരുന്നു. പക്ഷെ, കുർബ്ബാന കഴിഞ്ഞ ഉടനെ കൈമുത്ത് നടത്താതെ, വന്ന എല്ലാവരെയും (സണ്ടേസ്കൂൾ കുട്ടികൾ ഉൾപ്പെടെ) ഹോസ്റ്റേജസിനെപ്പോലെ നിർബന്ധപൂർവ്വം പിടിച്ചിരുത്തി പൊതുയോഗം നടത്തിയതുകൊണ്ടാണ് ഞാനും അതിൽ പെട്ടുപോയത്. സാധാരണയായി, ബാല്യകാലം മുതൽ ഞാൻ കണ്ടിട്ടുള്ളു രീതി കുർബ്ബാന കഴിഞ്ഞ് ഒരു 10 മിനിറ്റ് ഇടവേള കൊടുത്ത് പാരിഷ്ഹാളിലോ പള്ളിയിലോ പൊതുയോഗം കൂടുകയെന്നതാണ്. അങ്ങേയറ്റം പോയാൽ ഒരു അൻപതു പേരുടെ പൊതുയോഗം. കുട്ടികളെ ഒഴിവാക്കുമായിരുന്നു. ഒരു കുടുംബത്തിൽനിന്നും ഒരാളെങ്കിലും പങ്കെടുക്കണമെന്ന് വികാരിയച്ചൻ മുൻകൂട്ടി അറിയിക്കുകയും ചെയ്യുമായിരുന്നു.

അത്തരം പൊതുയോഗങ്ങൾ അക്ഷരാർത്ഥത്തിൽ പൊതുയോഗങ്ങൾ തന്നെയായിരുന്നു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഉച്ചഭാഷിണി ഉപയോഗിച്ചു തുടങ്ങിയ കാലത്ത് എല്ലാവർക്കും മൈക്കിൽക്കൂടി തന്നെ അഭിപ്രായം പറയുവാനുള്ള അവസ്സരം കിട്ടിയിരുന്നു. ചില കാര്യങ്ങളിലൊക്കെ അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറഞ്ഞ് അന്നത്തെ മുൻനിരക്കരായിരുന്ന തോട്ടത്തിൽ ജോർജ്സാറും, ബെഹനാൻസാറും, കൊച്ചുകൊട്ടാരത്തിൽ തോമാച്ചായനും, കോയിക്കവടക്കേൽ ഗീവർഗീസച്ചായനും എന്റെ പിതാവും ഒക്കെ വലിയ തർക്കത്തിലും അത്യാവശ്യം കലഹത്തിലും ഒക്കെ ഏർപ്പെട്ടിരുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ, പൊതുയോഗം കഴിഞ്ഞാൽ അവരെല്ലാം സുഹൃത്തുക്കളായി തന്നെ ജീവിച്ചു. ആൾക്കാർ കൈ ഉയർത്തി എണ്ണിനോക്കി ഭൂരിപക്ഷ അഭിപ്രായം എന്താണെന്ന് മനസ്സിലാക്കാനും അന്നത്തെ വികാരിയച്ചന്മാർ ശ്രമിച്ചിരുന്നു. സ്വന്തം ഇഷ്ടത്തലല്ലാതെ ഒക്ടോബർ 27ന് നടന്ന പൊതുയോഗത്തിൽ പങ്കെടുത്തപ്പോൾ ഈ ഓർമ്മകളൊക്കെ എന്റെ മനസ്സിൽക്കൂടി മിന്നിമറിഞ്ഞു.

അച്ചടക്കമുള്ള ഒരു ബന്ധിയെപ്പോലെ ഇയാൾക്ക് അവിടെയിരുന്നു കയ്യടിക്കാൻ പറയുമ്പോൾ കയ്യടിച്ചിട്ട്, വലിയ കാര്യത്തിലൊന്നും ഇടപെടാതെ വീട്ടിൽ പോയാൽ പോരായിരുന്നോ എന്ന് ആധുനിക ട്രോളന്മാർ ചോദിക്കും. ഉത്തരമില്ല സുഹൃത്തേ.

ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ

രസീതില്ലാത്ത പിരിവും പൊതുയോഗത്തിലെ മൗനവും

വന്നല്ലോ പള്ളിപെരുന്നാൾ🎈

പള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്

പള്ളിപെരുന്നാൾ 2022 - ഒരു അവലോകനം

Comments