Mathews Jacob
August 02, 2025
അങ്ങിനെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ഇതിനുവേണ്ടി അക്ഷീണ പരിശ്രമം നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയ്ക്കും വൈസ് പ്രസിഡന്റ് ഷോൺ ജോർജിനും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉപ്പെടെയുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിനും അഭിനന്ദനങ്ങൾ! നിങ്ങളുടെ അക്ഷീണ പ്രയത്നങ്ങളുടെ മാറ്റ് കുറച്ചുകാണിക്കാനും തങ്ങൾ അമിത്ഷായെ കണ്ടാണ് കാര്യങ്ങൾ ശരിയാക്കിയതെന്ന് സ്ഥാപിക്കാനും കോൺഗ്രസ് എംപിമാരും സിപിഐഎം എംപിമാരും ശ്രമിക്കുന്നുണ്ട്. എട്ടുകാലി മമ്മൂഞ്ഞുമാരെ തൽക്കാലം അവഗണിക്കുക മാത്രമേ കരണീയമായുള്ളൂ. അവസരങ്ങൾ മുതലാക്കുന്നത് തെറ്റാണെന്ന് പറയുവാനും പറ്റില്ലല്ലോ.
ഈ വിഷയത്തിൽ ഞാൻ എഴുതുന്ന കുറിപ്പുകളുടെ ഉദ്ദേശം കേരളത്തിലെ ബിജെപി പ്രവർത്തകരേയും നേതാക്കളെയും ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെക്കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ്. സഭയിലെ സാധാരണക്കാർക്കും മറ്റ് പുരോഹിതർക്കും ഇവരെക്കുറിച്ചുള്ള മതിപ്പ് എന്തുമാത്രമാണ്, ഇവർ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പറഞ്ഞാൽ സഭാ വിശ്വാസികൾ അത് ശിരസ്സാ വഹിക്കുമോ എന്നൊക്കെയുള്ള കാര്യങ്ങളുടെ നേർസ്ഥിതി എന്റെ കഴിഞ്ഞ കുറിപ്പുകളിൽ നിന്നും ബോധ്യമായിട്ടുണ്ടാവുമല്ലോ! അനൂപ് ആന്റണിക്കും ഷോൺ ജോർജിനുമൊന്നും ഞാൻ പറയുന്നതുപോലെ പറയുവാൻ കഴിയില്ല. അവർ ചെറുപ്പക്കാരാണ്; അവരുടെ രാഷ്ട്രീയ ഭാവി കണക്കിലെടുത്തേ അവർക്ക് സംസാരിക്കാൻ കഴിയൂ. 73 വയസ്സായ എനിക്ക് ഉള്ള കാര്യങ്ങൾ തുറന്നു പറയുന്നതിന് മേലുകീഴ് നോക്കേണ്ടതില്ലാ എന്ന സൗകര്യവുമുണ്ട്.
ഈയൊരു പ്രശ്നം തൽക്കാലത്തേക്ക് കോംപ്ലിമെന്റ്സ് ആയി എന്ന ആശ്വാസം ബിജെപി സംസ്ഥാന നേതൃത്വത്തിന് അവകാശപ്പെട്ടതുതന്നെയാണ്. പക്ഷെ യഥാർഥ്യങ്ങളെ ഉൾക്കൊള്ളണം. ഈ സമാധാനം വെറും താൽക്കാലികമാണ്; അഥവാ, ഒട്ടും ശാശ്വതമല്ല. കോണ്ഗ്രസ്സിന്റെ മുപ്പതിൽപരം എംഎൽഎമാർ ഛത്തീസ്‌ഗഡിലുണ്ട്. ഇവിടെനിന്നും പോയ യുഡിഎഫ് എംഎൽഎമാരോടൊപ്പം കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന ആവശ്യത്തിന് മുറവിളികൂട്ടാൻ ഛത്തീസ്‌ഗഡിലെ ഒരു എംഎൽഎയും മുതിർന്നില്ലായെന്നു മാത്രമല്ല തന്ത്രപരമായ നിശബ്ദത പുലർത്തുകയും ചെയ്തു. എന്നാൽ, കോണ്ഗ്രസ് പ്രദേശ് കമ്മിറ്റി അധ്യക്ഷൻ കന്യാസ്ത്രീകൾ മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയെന്നും അവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നുമുള്ള പ്രസ്താവന നടത്തുകയും ചെയ്തു. ഇന്ന് ജാമ്യം അനുവദിച്ച ശേഷം എല്ലാ കോൺഗ്രസ് എംഎൽഎമാരും അവരവരുടെ നിയോജകമണ്ഡങ്ങളിൽ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.
ഛത്തീസ്‌ഗഡ് ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തിൽ നിന്നും വന്ന മതപരിവർത്തന-മനുഷ്യക്കടത്ത് ലോബ്ബിയുമായി ഒത്തുതീർപ്പിൽ ഏർപ്പെട്ടിരിക്കുന്നു; തങ്ങൾ 1968 ൽ കൊണ്ടുവന്ന മതപരിവർത്തന നിയമത്തിൽ വെള്ളം ചെയ്തിരിക്കുന്നു, നമ്മുടെ പെൺകുട്ടികളെ വീട്ടുജോലിക്കും വേശ്യാവൃത്തിക്കുമായി കടത്തിക്കൊണ്ടുപോകുന്നതിന് കേന്ദ്ര ബിജെപി നേതൃത്വം ഒത്താശ ചെയ്യുന്നു എന്നൊക്കെയാണ് അവർ പ്രചരിപ്പിക്കുന്നത്. ഛത്തീസ്‌ഗഡ് ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള കേളികൊട്ട് മുഴങ്ങിക്കഴിഞ്ഞു.
അതു മാത്രമല്ല, വക്രബുദ്ധിയുള്ള കോൺഗ്രസ്സ്കാർ അടുത്ത ദിവസങ്ങളിൽ ഏതെങ്കിലും സർക്കാർ സ്ഥലത്ത് ഒരു ഷെഡ് കെട്ടി കുരിശ് സ്ഥാപിക്കും. സ്വാഭാവികമായും സർക്കാർ അതു പൊളിച്ചുമാറ്റും. അന്നു മുതൽ ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ പള്ളി പൊളിച്ചുവെന്ന് ഫ്ലാഷ് ന്യൂസ് കൊടുത്തുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ വീണ്ടും അഴിഞ്ഞാടും. അനൂപ് ആന്റണിയും ഷോൺ ജോർജും വീണ്ടും ഛത്തീസ്‌ഗഡിലേക്ക് വെച്ചുപിടിക്കും. ഇപ്പോൾ നടന്നതിന്റെ തനിയാവർത്തനം അരങ്ങേറും. ഛത്തീസ്‌ഗഡ് ഭരിക്കുന്ന ബിജെപി സർക്കാർ നാൾക്കുനാൾ ദുർബ്ബലമായിക്കൊണ്ടിരിക്കും. കോൺഗ്രസ്സിന് വീണ്ടും അവിടെ അധികാരത്തിൽ വരാനുള്ള സാധ്യതകൾ തുറക്കും.
ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സ്കാരൻ വിരിച്ച വലയിൽ ബിജെപി വീണിരിക്കുന്നു. പള്ളിപൊളിപ്പ് തന്നെ വേണമെന്നില്ല. കോൺഗ്രസ്സിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും ബിഷപ്പോ പാതിരിയോ നിഷ്‌ക്കളങ്കരായ കന്യാസ്ത്രീകളെ ഇതുപോലെ ഇറക്കിവിട്ടാലും മതി ബിജെപിക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കാൻ. ഈ കെണിയിൽ നിന്നും എങ്ങിനെ തലയൂരുമെന്ന് കണ്ടുതന്നെ അറിയണം.

Comments
Post a Comment