Skip to main content

മതപരിവർത്തനത്തിന്റെ വില: ഒരു പ്രവാസി ജോലി എന്റെ ജീവനു വേണ്ടിയുള്ള പോരാട്ടമായി മാറിയപ്പോൾ

Mathews Jacob 26-May-2009 

Read in English

ഇന്ത്യൻ എയർഫോഴ്സിലെ എന്റെ സേവനവർഷങ്ങളായിരുന്നു ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ശാന്തവും സന്തോഷകരവുമായ കാലഘട്ടം. സഹപ്രവർത്തകരുടെ വൈവിധ്യമായിരുന്നു ആ സന്തോഷത്തിന് പ്രധാന കാരണം. വെവ്വേറെ സംസ്ഥാനങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവയിൽ നിന്നുള്ളവർ ഒരുമിച്ച് ചേർന്ന ഭാരതത്തിന്റെ ഒരു കൊച്ചുരൂപമായിരുന്നു ഞങ്ങൾ. ആരും മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല; ആ യൂണിഫോമിൽ മതത്തിന് യാതൊരു സ്ഥാനവുമില്ലായിരുന്നു.


എന്നാൽ ഒരു വിദേശരാജ്യത്ത് പ്രവാസി തൊഴിലാളിയായി എത്തിയ ആദ്യദിനം തന്നെ ഈ മനോഹരമായ മത സൗഹാർദ്ദ സങ്കല്പം തകർന്നുതരിപ്പണമായി. വ്യവസ്ഥാപിതമായ വിവേചനത്തിനുള്ള ഒരു ആയുധമാണ് അവിടെ മതമെന്ന് എനിക്ക് ഉടനടി ബോധ്യപ്പെട്ടു.



നൈപുണ്യമല്ല, മതമാണ് ശമ്പളം നിശ്ചയിക്കുന്നത്


തൊഴിലിന്റെ സ്വഭാവമോ ഗുണനിലവാരമോ അളവോ അല്ല, മറിച്ച് മതവും ദേശീയതയുമാണ് ഒരു തൊഴിലാളിയുടെ ശമ്പളം നിശ്ചയിക്കുന്ന പ്രധാന മാനദണ്ഡങ്ങൾ എന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഭരണകൂടത്തിന്റെ മതത്തിലും രാജ്യത്തിലുംപെട്ട ഒരാൾക്ക്, അവരുടെ നൈപുണ്യത്തെക്കാളുപരി, കുറഞ്ഞ ആനുകൂല്യങ്ങളുള്ള മറ്റു മതസ്ഥരോ രാജ്യക്കാരോ ആയ വ്യക്തികളെക്കാൾ ഇരട്ടി ശമ്പളം ലഭിച്ചിരുന്നു.


ജോലിക്ക് പുറത്തുള്ള ജീവിതവും അത്രതന്നെ കഠിനമായിരുന്നു. പ്രാർത്ഥനാ സമയങ്ങളിൽ പൊതുസമൂഹം പൂർണ്ണമായും നിശ്ചലമാകും. എല്ലാവരും പ്രാർത്ഥനയിൽ പങ്കാളികളാകേണ്ടതുണ്ട്, തെരുവുകളിൽ ആർക്കും സഞ്ചരിക്കാൻ അനുവാദമില്ലായിരുന്നു. മതപോലീസുകാർ ചാട്ടവാറുകളുമായി പട്രോളിംഗ് നടത്തിയിരുന്നു. മറ്റ് മതസ്ഥരായ ഞങ്ങൾ ഒളികേന്ദ്രങ്ങളിൽ അഭയം പ്രാപിക്കുകയോ, ലക്ഷ്യമില്ലാതെ വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയോ ചെയ്യും; കാരണം നിർത്തിയിട്ടിരിക്കുന്ന കാറിൽ വിശ്രമിക്കുന്നത് പോലും മതപോലീസിന്റെ ശിക്ഷക്ക് കാരണമായേക്കാം. ഇത്തരം പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം, ഔദ്യോഗിക മതം പ്രചരിപ്പിക്കുന്ന ഒരു VHS ടേപ്പ് നിരന്തരം പ്ലേ ചെയ്തിരുന്ന ഒരു പ്രത്യേക സ്ഥലത്ത് ആ ടിവിക്ക്‌ മുന്നിൽ ആ മതത്തിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ താൽപ്പര്യം ഉള്ള ഒരു വ്യക്തി എന്ന് അഭിനയിച്ച് ഇരിക്കുക എന്നതായിരുന്നു.


വിജയവും വളരുന്ന ഭീഷണിയും


ആ അടിച്ചമർത്തൽ അന്തരീക്ഷത്തിലും, അന്നത്തെ രാജ്യത്തെ മുൻനിര പത്ത് കമ്പനികളിലൊന്നായ എയർപോർട്ട് മെയ്ന്റനൻസ് കമ്പനിയിൽ ഞാൻ 18 വർഷം സേവനമനുഷ്ഠിച്ചു. കമ്പനിക്ക് ISO അംഗീകാരം നേടുന്നതിലും സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലും ഞാൻ പ്രധാന പങ്ക് വഹിച്ചു. എന്റെ വിജയം ആഗ്രഹിച്ച പ്രമോഷനിലേക്കും നിരവധി ശമ്പള വർദ്ധനവുകളിലേക്കും നയിച്ചു. എന്നാൽ ഉയർന്ന പദവിയിലായിരുന്നിട്ടും, എന്റെ മതവും ദേശീയതയും കാരണം എന്റെ ശമ്പളം എന്റെ തലത്തിലുള്ള മറ്റുള്ളവരെക്കാൾ വളരെ കുറവായിരുന്നു.


എന്റെ പ്രൊഫഷണൽ വളർച്ച എന്റെ വ്യക്തിപരമായ അപകടസാധ്യതയും വർദ്ധിപ്പിച്ചു. ശത്രുക്കളുടെ എണ്ണം — പ്രത്യേകിച്ച് അയൽരാജ്യക്കാരായ പ്രവാസികളും പ്രാദേശികവാസികളും ചേർന്നുള്ള കൂട്ടുകെട്ടുകൾ — അതിവേഗം വർദ്ധിക്കാൻ തുടങ്ങി. ഞാൻ നിരന്തരം നിരീക്ഷണത്തിലായിരുന്നു. വീട്ടുടമസ്ഥന്റെ ഒത്താശയോടെ എന്റെ അപ്പാർട്ട്മെന്റിൽ മയക്കുമരുന്നോ സമാനമായ നിരോധിത വസ്തുക്കളോ കൊണ്ടുവെച്ചിട്ട് എന്നെ കുടുക്കുമോ എന്ന ഭയത്താൽ രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടു. ആ രാജ്യത്ത് അത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷ ശിരഛേദമായിരുന്നു.


രക്ഷ വാഗ്ദാനം ചെയ്ത ആ ചോദ്യം


"എന്തുകൊണ്ട് മതം മാറിക്കൂടാ?" എന്ന ചോദ്യം ദിവസേനയുള്ള ഒരു ചോദ്യമായിരുന്നു. ഒടുവിൽ, അതിജീവനം മറ്റെല്ലാറ്റിനെയും മറികടന്നു. ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി: എന്തുകൊണ്ട് ആയിക്കൂടാ? ഞാൻ യഥാർത്ഥത്തിൽ വിശ്വസിക്കാത്ത ഒരു മതം സ്വീകരിക്കുന്നത് എന്റെ ജീവൻ രക്ഷിക്കുമെങ്കിൽ, അതിൽ എന്താണ് തെറ്റ്? എന്തായാലും ഒരു മതത്തോടും എനിക്ക് പ്രത്യേക താല്പര്യമില്ലെന്ന് ഞാൻ പണ്ടേ വിശ്വസിച്ചിരുന്നല്ലോ.


ഒരു ദിവസം ഞങ്ങളുടെ കമ്പനിയിലെ തന്നെ ഉദ്യോഗസ്ഥനായിരുന്ന തദ്ദേശിയനായ ഒരു വയോധികൻ ഈ ചോദ്യം ചോദിച്ചപ്പോൾ ഞാൻ കൂടുതലൊന്നും ആലോചിക്കാതെ "ശരി" എന്ന് മറുപടി നൽകി. ആ മാറ്റം പെട്ടെന്നുള്ളതും നാടകീയവുമായിരുന്നു. ആ നിമിഷം മുതൽ എന്നെ ഒരു വി.ഐ.പി യെപ്പോലെയാണ് പരിഗണിച്ചത്. എന്റെ ദിവസങ്ങൾ ഭയരഹിതമായി, അപകടകരമായ രീതിയിൽ ഉയർന്ന എന്റെ രക്തസമ്മർദ്ദം മരുന്നില്ലാതെ തന്നെ സാധാരണ നിലയിലായി. ഞാൻ പ്രാഥമിക മതപ്രബോധന ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങി. ഔദ്യോഗിക മതപരിവർത്തന ദിവസം വൻതുക നിക്ഷേപിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് അധികാരികൾ എന്റെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചു.


വിളക്ക് കൊളുത്തിയ തൊഴിലാളി


പിന്നീടാണ് ആ നിർണായക വഴിത്തിരിവ് ഉണ്ടായത്. മതം മാറ്റത്തിന് നിശ്ചയിച്ച ദിവസത്തിന് തൊട്ടുമുമ്പുള്ള വാരാന്ത്യത്തിൽ, ഉന്നത വിദ്യാഭ്യാസമോ സാമൂഹിക പദവിയോ ഇല്ലാത്ത ഒരു സാധാരണ തൊഴിലാളിയായ എന്റെ ഒരു മലയാളി സുഹൃത്ത് എന്നെ കാണാൻ വന്നു. ഞങ്ങൾ ദീർഘനേരം സംസാരിച്ചു, തന്റേതായ ലളിതമായ ബുദ്ധിയിൽ, നാട്ടിൽ എന്നെ കാത്തിരിക്കുന്ന യഥാർത്ഥ വസ്തുത അവൻ എനിക്ക് കാണിച്ചുതന്നു.


"പണം നിങ്ങളുടെ അക്കൗണ്ടിൽ എത്തും," അവൻ സമ്മതിച്ചു. "എന്നാൽ തൊട്ടടുത്ത ദിവസം മലയാള പത്രങ്ങളിൽ ഈ വാർത്ത വരും. നിങ്ങളെ ബഹുമാനത്തോടെ കണ്ടിരുന്ന ആളുകൾ പണത്തിന് വേണ്ടി വിശ്വാസം വിറ്റവനായി നിങ്ങളെ കാണും." നാട്ടിൽ അവധിക്ക് എത്തുമ്പോൾ പ്രാദേശിക മതനേതാക്കളുടെ നേതൃത്വത്തിൽ എയർപോർട്ടിൽ ലഭിക്കുന്ന സ്വീകരണം, 'ഹീറോ' പരിവേഷം, അതിനുശേഷം ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ എന്നിവയെക്കുറിച്ച് അവൻ തുടർന്നു പറഞ്ഞു. പ്രാദേശിക ആരാധനാലയത്തിൽ നിർബന്ധമായും ഹാജരാകാൻ അവർ ആവശ്യപ്പെടും. താമസിയാതെ, ഭാര്യയോടും മക്കളോടും മതം മാറാൻ സമ്മർദ്ദമുണ്ടാകും, അത് കുടുംബത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രമോഷനുകൾ ലഭിക്കുമെങ്കിലും, ആത്മാഭിമാനമില്ലാത്ത ഒരാളായി നിങ്ങൾ എന്നും കാണപ്പെടും, ഒടുവിൽ ഒരു മതമൗലികവാദിയാകാൻ നിങ്ങൾ നിർബന്ധിതനാകും.


എന്റെ ആ സുഹൃത്ത്, എന്റെ ചിന്തകളിൽ ഒരു വെളിച്ചം കൊളുത്തി. ഞാൻ എടുക്കാൻ പോകുന്ന ആ മണ്ടൻ തീരുമാനം മൂലം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന അനന്തമായ ദുരിതങ്ങൾ എനിക്ക് പെട്ടെന്ന് ദൃശ്യമായി. അടുത്ത ദിവസം ഞാൻ എന്ത് ചെയ്യണമെന്ന് എനിക്ക് വ്യക്തമായി: "ഇല്ല" എന്ന് പറയാൻ ഞാൻ തീരുമാനിച്ചു. പക്ഷെ “ഇല്ല” എന്ന് പറഞ്ഞതിനു ശേഷം എന്തായിരിക്കും അവരുടെ പ്രതികരണം എന്നോർത്തപ്പോൾ ഒരു വലിയ തളർച്ച അനുഭവപ്പെട്ടു.


വലിയ രക്ഷപ്പെടൽ


അടുത്ത ദിവസം പതിവുപോലെ പ്രാഥമിക ക്ലാസിലേക്ക് കൊണ്ടുപോകാൻ കാർ എത്തിയപ്പോൾ, ഞാൻ പോകുന്നില്ലെന്ന് ഡ്രൈവറോട് പറഞ്ഞു. ഡ്രൈവറുടെ മേലധികാരി എന്നെ വിളിച്ചപ്പോൾ ഞാൻ വ്യക്തമായി അറിയിച്ചു: ഞാൻ ഇതിൽ നിന്ന് പിന്മാറുന്നു. ഈ വാർത്ത വേഗത്തിൽ പരന്നു.


അടുത്ത ദിവസം വൈകുന്നേരം, ജോർദാനിയനായ എന്റെ ബോസ് എന്നെ ഓഫീസിലേക്ക് വിളിച്ചു. എന്റെ ധീരമായ തീരുമാനത്തിന് എന്നെ അഭിനന്ദിച്ച അദ്ദേഹം ഭയാനകമായ ഒരു മുന്നറിയിപ്പ് നൽകി: എന്റെ ശത്രുക്കൾ ദൈവനിന്ദ കുറ്റം ചുമത്തി എന്നെ കുടുക്കാൻ പദ്ധതിയിടുന്നതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതിൽ പെട്ടാൽ പ്രകാശം കാണാൻ എനിക്ക് സാധിക്കില്ല.


അദ്ദേഹം ഒരു അടിയന്തര പദ്ധതി തയ്യാറാക്കി. അടുത്ത ദിവസം രാവിലെ ഇന്ത്യയിൽ നിന്ന് ഒരു ഇമെയിൽ അയക്കാൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു: "ഭാര്യക്ക് ഗുരുതര രോഗമാണ്, ഉടൻ വരിക." എമർജൻസി വിൻഡോയിലൂടെ ഒരു "എക്സിറ്റ്/റീ-എൻട്രി" വിസ സുരക്ഷിതമാക്കാൻ ഒരു സ്വദേശിയെ അദ്ദേഹം ഏർപ്പാടാക്കി, സ്വന്തം പോക്കറ്റിൽ നിന്ന് എന്റെ എയർ ടിക്കറ്റിനുള്ള പണം നൽകി. ശമ്പളത്തിന് വേണ്ടി ഏതാനും ദിവസം കാത്തിരിക്കാമെന്ന എന്റെ നിർദ്ദേശം അദ്ദേഹം നിരസിച്ചു. "പണത്തേക്കാൾ പ്രധാനം ജീവനാണ്," അദ്ദേഹം പറഞ്ഞു.


അടുത്ത ദിവസം, വ്യാജ ഇമെയിലും അംഗീകരിച്ച അടിയന്തര അവധി അപേക്ഷയുമായി, എന്റെ പാസ്‌പോർട്ട് വിട്ടുനൽകുന്നുണ്ടെന്ന് ബോസ് നേരിട്ട് ഉറപ്പാക്കി. വളരെ രഹസ്യമായാണ് കാര്യങ്ങൾ നീക്കിയത്. സാധാരണ ജോലിസ്ഥലമായ നഗരത്തിലെ എയർപോർട്ടിലേക്ക് പോകുകയാണെന്ന് നടിച്ചെങ്കിലും ഞാൻ അപ്പാർട്ട്മെന്റിൽ കാത്തിരുന്നു. ഉച്ചയ്ക്ക്, ഡ്രൈവർ എന്റെ ടിക്കറ്റും പാസ്‌പോർട്ടും എത്തിച്ച്, കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിന് ഒരു മണിക്കൂർ മുമ്പ് എന്നെ എയർപോർട്ടിൽ ഇറക്കി.


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ രക്ഷപ്പെടലായിരുന്നു അത്, തികച്ചും രഹസ്യമായി നടപ്പിലാക്കിയ ഒന്ന്.


ഒരു അത്ഭുത ഫോൺ കോൾ


എന്റെ എയർകണ്ടീഷണർ, റഫ്രിജറേറ്റർ, അടുക്കള ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയ വസ്തുക്കൾ വിറ്റാൽ ലഭിക്കുമായിരുന്ന പണത്തിന് പുറമെ, ശമ്പളത്തിലും സർവീസ് ആനുകൂല്യങ്ങളിലുമായി എനിക്ക് ഏകദേശം 10 ലക്ഷം രൂപ നഷ്ടപ്പെട്ടു. 17 വർഷത്തെ എന്റെ പുസ്തകശേഖരമായിരുന്നു എനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം. എന്നാൽ ആ നഷ്ടത്തിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല.എന്തായാലും എന്റെ ജീവൻ എനിക്ക് തിരികെ ലഭിച്ചല്ലോ.


എന്നാൽ സുഹൃത്ത് എന്റെ അപ്പാർട്ട്മെന്റ് സന്ദർശിച്ച ദിവസം, മതപരിവർത്തനത്തിൽ നിന്ന് ഞാൻ പിന്മാറിയ അതേ സമയത്താണ് ഏറ്റവും വലിയ അത്ഭുതം സംഭവിച്ചത്. എനിക്ക് 54 വയസ്സായിരുന്നു, ജോലിയില്ലാതെ രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഭയമായിരുന്നു. സുഹൃത്ത് പോയി മിനിറ്റുകൾക്കകം എന്റെ മൊബൈൽ ബെല്ലടിച്ചു. ഇന്ത്യയിൽ നിന്നുള്ള ഒരു അപരിചിത നമ്പറായിരുന്നു അത്. നിർമ്മാണത്തിലിരിക്കുന്ന ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിലെ എച്ച്.ആർ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഈശ്വർ റാവു എന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. മെയിന്റനൻസ് മാനേജർ - സിസ്റ്റംസ് എന്ന തസ്തികയിലേക്ക് സിമെൻസ് സിഇഒ എന്റെ പേര് നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു ആ ഫോൺ വിളി. ഞാൻ അമ്പരന്നുപോയി. ഈശ്വർ (ദൈവം) എന്ന പേര് എന്റെ കാതുകളിൽ മുഴങ്ങി. വൈസ് പ്രസിഡന്റിൽ നിന്നുള്ള അടുത്ത കോൾ ഞാൻ സ്വീകരിച്ചു, എന്റെ പ്രായം ഞാൻ സൂചിപ്പിച്ചെങ്കിലും, ഒരു കൺസൾട്ടന്റായി എന്നെ നിയമിക്കാൻ അവർ തയ്യാറായിരുന്നു. ഒരു ഇന്ത്യൻ എയർപോർട്ടിൽ ഉറപ്പായ ജോലി ലഭിച്ചതോടെ എന്റെ തീരുമാനം കൂടുതൽ ശക്തമായി.


ദൈവത്തിന്റെ സംരക്ഷണം ഞാൻ സത്യസന്ധമായി അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. ഞാൻ ഉറക്കെ പ്രാർത്ഥിക്കുകയോ വലിയ തോതിൽ ആരാധന നടത്തുകയോ ചെയ്തിരുന്നില്ല, എന്നാൽ ഞാൻ പൂർണ്ണമായും ദൈവത്തിനു കീഴടങ്ങിയ വ്യക്തിയായിരുന്നു. എന്റെ ജീവിതം പോലും ദൈവത്തിന്റെ നിയന്ത്രണത്തിനു ഞാൻ വിട്ടുകൊടുത്തിരുന്നു. ഞാൻ സഞ്ചരിച്ച വഴി എപ്പോഴും ദൈവത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു, എന്റേതായിരുന്നില്ല.


Comments

Popular posts from this blog

The Price of Conversion: How an Expat Job Became a Fight for My Life

Mathews Jacob 26-May-2009 മലയാളത്തിൽ വായിക്കാം My years serving in the Indian Air Force were perhaps the most peaceful and joyful period of my life. This happiness was largely due to the sheer diversity of the men I served with. We were a microcosm of India, mingling across different states, cultures, and religions. Nobody ever questioned another's faith; in that uniform, religion simply didn't matter. This beautiful harmony was shattered on my very first day as an expatriate worker in a foreign country. I immediately realized that here, religion was a tool for systemic discrimination. A Salary Based on Faith, Not Skill To my shock, religion and nationality were the primary criteria for determining a worker’s salary, far outweighing the nature, quality, or volume of their work. A person belonging to the dominant religion and nationality would receive almost double the pay of someone from a less-privileged faith or nation, regardless of their skill level. Life outside of work wa...

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

ചില മതാതീത ചിന്തകൾ

Read in English മതേതരത്വം എന്ന വാക്കിന് പുതിയ ആഖ്യാനം ചമച്ച നാട്ടിലേക്കുള്ള തിരിച്ചു വരവ് നീണ്ട 44 വർഷത്തെ (1971 - 2015) പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു കാര്യം ബോധ്യപ്പെട്ടു- വലുതും ചെറുതുമായ ഇടവേളകളിൽ അവധിക്ക് വരുമ്പോൾ ലഭിച്ചിരുന്ന പെരുമാറ്റമല്ല നാട്ടിലെ സമൂഹത്തിൽ നിന്നും വിശ്രമജീവിതത്തിനും സ്ഥിര താമസത്തിനും വേണ്ടി വന്ന ഒരു വയോധികന് ലഭിക്കുവാൻ പോകുന്നത്. നാട്ടിൽ ഇതുവരെ അപരിചിതമായിരുന്ന ചില പുതിയ രീതികൾ സാധാരണ രീതികൾ എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സർക്കാരിനെ അനുകൂലിച്ചു സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യം, നമ്മുടെ പ്രധാനമന്ത്രി എന്നൊന്നും പരസ്യമായി പറയരുത്. കേരളമെന്നോ തെക്കേയിന്ത്യയെന്നോ പറയാം. ഉത്തരേന്ത്യ, പ്രത്യേകിച്ച് യു.പി, ബീഹാർ, ഗുജറാത്ത്‌ മുതലായ സംസ്ഥാനങ്ങളിൽ ഇപ്പോൾ നല്ല ഭരണം നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വലിയ പ്രശ്നമാണ്. കുറ്റങ്ങൾ പറയാം; നല്ലതൊന്നും പറയരുത്. നല്ല കാര്യങ്ങൾ പറയുന്നത് ഭരണത്തിലിരിക്കുന്ന ബിജെപിയെ സഹായിക്കും പോലും! എന്നാൽ, കുറ്റങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചു....