ക്ഷണികമായ ഇഹലോകവാസത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടത് അത്ര വലിയ ഒരാവശ്യമാണോ എന്ന് ചിലരെങ്കിലും ചോദിക്കുന്നുണ്ട്. ഒറ്റ ഉത്തരമേയുള്ളൂ. നിങ്ങൾ ഒറ്റത്തടിയായി, ഭാര്യയും കുട്ടികളും ഒന്നും ഇല്ലാതെ, ജീവിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് എങ്ങിനെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, നിങ്ങൾ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ, നിങ്ങളെ ആശ്രയിച്ചു കുറേ ജീവനുകൾ ഉണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു. അതിന് സാമ്പത്തിക അച്ചടക്കം ശീലിച്ചേ പറ്റൂ താനും. സാമ്പത്തിക ഭദ്രത കൈവരിക്കാൻ ചില നിർദ്ദേശങ്ങൾ ഇവിടെ കൊടുക്കുകയാണ്.
1. എപ്പോൾ തുടങ്ങണം?
നാളെ, നാളെ എന്ന രീതിയിൽ നീട്ടിക്കൊണ്ടുപോകാവുന്ന ഒന്നല്ല സാമ്പത്തിക അച്ചടക്കം. ആദ്യത്തെ ശമ്പളം വാങ്ങുന്ന സമയം മുതൽ അത് തുടങ്ങണം. എല്ലാ മാസവും ഒരു നിശ്ചിത തുക മിച്ചം പിടിച്ചു ചട്ടിയിൽ ചേരുകയോ ഫിക്സഡ് ഡെപ്പോസിറ്റിൽ ഇടുകയോ ചെയ്തതുകൊണ്ട് സാമ്പത്തിക ഭദ്രത കൈവരിക്കില്ല. പതിനഞ്ചോ ഇരുപതോ ഇരുപത്തിയഞ്ചോ വർഷത്തിനുശേഷം ജോലിയിൽ നിന്നു വിരമിക്കുമ്പോൾ എങ്ങിനെ ഒരു നിത്യ വരുമാനം ഉറപ്പിക്കാമെന്നുകൂടി ശമ്പളം ലഭിച്ചു തുടങ്ങുമ്പോൾതന്നെ ആലോചിക്കേണ്ടിയിരിക്കുന്നു.
2. കൃത്യമായ ബഡ്ജറ്റ്
എല്ലാ മാസവും എത്ര രൂപ ഏതൊക്കെ കാര്യങ്ങൾക്കു ചെലവാക്കാമെന്ന് രേഖപ്പെടുത്തുന്ന ഒരു ബഡ്ജറ്റ് തയ്യാറാക്കണം. ഈ ബഡ്ജറ്റ് വളരെ നിർബന്ധപൂർവ്വം പിന്തുടരണം.
3. എമർജൻസി ഫണ്ട്
ഒരു 6 മാസത്തെ ചിലവിനുള്ള പണം എപ്പോഴും കരുതണം. ഇത് ബാങ്കിൽ FD ആയി സൂക്ഷിക്കുന്നതാണ് നല്ലത്. എന്തെങ്കിലും അത്യാവശ്യം വന്നാൽ FD യുടെ പലിശ കിട്ടില്ലായെന്നുള്ള നഷ്ടമല്ലേ ഉണ്ടാവൂ!
4. സമ്പാദ്യ പദ്ധതി
എല്ലാ ചെലവുകളും കഴിഞ്ഞിട്ട് കുറേ പണം മിച്ചം ഉണ്ടാവണം. തോന്നുന്ന പോലെ ചെലവാക്കിയിട്ട് ബാക്കി വരുന്നത് മിച്ചം പിടിക്കാമെന്ന് ഒരിക്കലും കരുതരുത്. മിച്ചം പിടിച്ചതിനു ശേഷമുള്ള പണം കൊണ്ട് ചെലവ് നിയന്ത്രിക്കണം.
5. മിച്ചം പിടിചക്കുന്ന പണം എങ്ങിനെ വർധിപ്പിക്കാം
മിച്ചം പിടിച്ച പണം എങ്ങിനെ സൂക്ഷിക്കുന്നുവെന്നത് പ്രധാനമാണ്. കുടുക്കയലോ മെത്തയുടെ അടിയിലോ സൂക്ഷിക്കുന്നത് പഴയ രീതിയാണ്. ചിട്ടി സമ്പ്രദായവും പഴഞ്ചനായി മാറിയിരിക്കുന്നു. മറ്റു മാർഗ്ഗങ്ങൾ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ പൂർവ്വികർ അങ്ങിനെ ചെയ്തിട്ടുണ്ടാവും. ബാങ്ക്/പോസ്റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് നല്ല ബദൽ മാർഗ്ഗമാണ്. മൂച്വൽ ഫണ്ട് SIP സമ്പാദ്യം വർധിപ്പിക്കുന്നതിന് വളരെയേറെ ഉപകരിക്കുന്ന ഒരു ആധുനിക മാർഗ്ഗമാണ്.
6. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആശ്രയിക്കാതിരിക്കുക
നിങ്ങൾ മസാമാസം മിച്ചം പിടിക്കുന്ന തുക ഒരു കാരണവശാലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയോ വ്യക്തികളെയോ ഏൽപ്പിക്കരുത്. ദിനം പ്രതി പൊട്ടിമുളയ്ക്കുന്ന മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി, രാഷ്ട്രീയക്കാർ കയ്യടക്കിയിരിക്കുന്ന സഹകരണ സംഘങ്ങൾ മുതലായവയും വലിയ പലിശ വാഗ്ദാനം ചെയ്യുമെങ്കിലും നാം വിദഗ്ധമായി ഒഴിഞ്ഞു മാറേണ്ടിയിരിക്കുന്നു.
7. ആരോഗ്യ സംരക്ഷണം
ആരോഗ്യമില്ലാതെ പണം സമ്പാദിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ശരീരികവും മനസികവുമായ ആരോഗ്യസംരക്ഷണം സാമ്പത്തിക ഭദ്രതക്ക് അനിവാര്യമാണ്. ജോലിയിൽ മാത്രം ശ്രദ്ധിച്ചു സ്വന്തം ആരോഗ്യത്തെ അവഗണിച്ചു പണിവാങ്ങിയ പലരേയും എനിക്കറിയാം. ആഴ്ച്ചയുടെ അവസാനം കിട്ടുന്ന അവധി കുടുംബത്തോടൊപ്പം ഉല്ലസിക്കാനും പിരിമുറുക്കങ്ങൾ അയക്കുവാനും അടുത്ത ആഴ്ച്ച ആവശ്യമായ ഊർജ്ജം സമാഹരിക്കാനും ഉപയോഗിക്കണം. എല്ലാ ദിവസവും എന്തെങ്കിലും ഒരു കായികാഭ്യാസം പതിവാക്കണം. യോഗ, മെഡിറ്റേഷൻ മുതലായവ ശാരീരിക-മാനസിക ആരോഗ്യത്തെ ഒന്നായി പരിപോഷിക്കാൻ ഉത്തകുന്നതാണ്.
8. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം
ജീവിത ശൈലീ രോഗങ്ങളുടെ കാലമാണ്. പണ്ടൊക്കെ അറുപത് വയസ് അടുപ്പിച്ചേ ഡയബറ്റിസ്, രക്താധിസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ മുതലായവ പ്രത്യക്ഷ പ്പെടാറുണ്ടായിരുന്നുള്ളൂ. ഇപ്പോൾ പ്രായം ഒരു പ്രശ്നമല്ല; ഏതു പ്രായത്തിലും ഈ അസുഖങ്ങൾ വരാം എന്ന സ്ഥിതിയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ്. ആധുനിക വൈദ്യശാസ്ത്രം ക്യാൻസർ മുതലായ മാരകമായ രോഗങ്ങൾക്കും പ്രതിവിധികൾ കണ്ടുപിടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും 50-60 ലക്ഷം രൂപാ വരെ ചെലവാക്കാൻ കഴിയുന്നവർക്കേ പ്രോട്ടോൺ തെറാപ്പി പോലെയുള്ള ആധുനിക ചികിത്സരീതികൾ പ്രയോജനപ്പെടുത്തി ജീവൻ തിരിച്ചു പിടിക്കാൻ കഴിയുന്നുള്ളൂ.
അതിനാൽ, എത്ര വലിയ പണക്കാരനെയും പാപ്പരാക്കാൻ കുടുംബത്തിലെ ആർക്കെങ്കിലും ഒരു അസുഖം വന്നാൽ മതി എന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിൽ. കുടുംബത്തിലുള്ള എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനും അനിവാര്യമാണ്. ഓർക്കുക, മാനസിക പിരിമുറുക്കങ്ങളില്ലാത്ത അവസ്ഥ ഏത് രോഗത്തിനുമുള്ള പാതി ചികിത്സയാണ്.
9. ലൈഫ് ഇൻഷുറൻസ് പോളിസി ഒഴിച്ചുകൂടാനാവാത്തതാണ്
നാം ആരും ചിരംജീവികളല്ല. കുറേനാൾ ഈ ഭൂമിയിൽ ജീവിച്ചു കഴിഞ്ഞു സ്ഥലം വിടുവാൻ വിധിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. നമ്മൾ ഇല്ലാത്ത അവസ്ഥയിലും നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവർ ഇപ്പോൾ പിന്തുടരുന്ന അതേ ജീവിതനിലവാരം കുറേക്കാലത്തേക്കെങ്കിലും പിന്തുടരേണ്ടിവരും. ഇത് ഉറപ്പാക്കുന്ന പദ്ധതിയാണ് ലൈഫ് ഇൻഷുറൻസ്. ഞാൻ ജോലി ചെയ്യുന്ന സമയത്ത് ഒരാൾക്ക് എടുക്കാവുന്ന ഏറ്റവും കൂടിയ ഇൻഷുറൻസ് അഞ്ചു ലക്ഷത്തിന്റെയായിരുന്നു. അന്ന് LIC മാത്രമേ രംഗത്തുണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. 24 ഇൻഷുറൻസ് കമ്പനികൾ IRDA യുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്നു. ആവശ്യമെങ്കിൽ രണ്ടു കോടി രൂപയുടെ ഇൻഷുറൻസുപോലും എടുക്കുവാൻ കഴിയും. ജീവിതത്തിലെ പല ഘട്ടങ്ങളിലും നമുക്ക് പണം ആവശ്യമായിവരും. മക്കളുടെ ഉപരിപഠനത്തിനും വിവാഹത്തിനുമൊക്കെ വലിയ തുകകൾ ആവശ്യമുണ്ട്. അത്തരം ഘട്ടങ്ങളിൽ അന്നത്തെ പണപ്പെരുപ്പത്തോതുകൂടി കണക്കിലെടുത്തു ആവശ്യമായ പണം ലഭിക്കത്തക്ക രീതിയിലുള്ള സേവിങ്സ്-ഇൻഷുറൻസ് പ്ലാനുകളാണ് ആധുനിക ഇൻഷുറൻസ് കമ്പനികൾ ആവിഷ്കരിച്ചിരിക്കുന്നത്.
10. ഒരു വിരമിക്കൽ പദ്ധതിയിൽ കാലേകൂട്ടി ചേരണം
വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ കൊടുത്ത് സർക്കാരുകൾ പാപ്പരായിക്കൊണ്ടിരിക്കുന്നു. ഗത്യന്തരമില്ലാതെ പങ്കാളിത്ത പെൻഷൻ പല സംസ്ഥാന സർക്കാരുകളും നടപ്പിലാക്കിക്കഴിഞ്ഞു. അതും കൃത്യസമയത്തു കിട്ടുമെന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. KSRTC യിലെ പെൻഷനും ശമ്പളവും കൊടുക്കുന്ന രീതി തന്നെ വരാനിരിക്കുന്ന കാലം എന്തായിരിക്കുമെന്നതിന്റെ ചൂണ്ടുപലകയാണ്. ജോലി കിട്ടി ആദ്യത്തെ ശമ്പളം ലഭിക്കുമ്പോൾ തന്നെ ഒരു റിട്ടയർമെന്റ് പ്ലാനിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം. പെൻഷൻ പ്ലാനുകളെക്കുറിച്ചു പറയുമ്പോൾ എത്രയും നേരത്തേ ചേരുന്നുവോ അത്രയും ലാഭകരമായിരിക്കും എന്ന് പറയേണ്ടിവരും.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിച്ച് മസാമാസം കിട്ടുന്ന ശമ്പളം കൈകാര്യം ചെയ്താൽ ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!
Mathews Jacob
+91 79072 28608
www.mathewsjacob.in
18-Jun-2025
Comments
Post a Comment