ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്.
ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.
അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സമയത്ത് കൃത്യമായി 8:30 ന് തുടങ്ങുന്ന ഞായറാഴ്ച കുർബാന പത്തുമണി, അങ്ങേയറ്റം പത്തേകാൽ ആകുമ്പോൾ തീരുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്.
അതുകൊണ്ടുതന്നെ സംഗതികൾക്ക് ഒരു നിശ്ചയമുണ്ടായിരുന്നു. ഞായറാഴ്ച്ച പള്ളിയിൽ പോയാൽ 10:15 am ആവുമ്പോഴേക്കും കുർബാന കഴിയും; മറ്റ് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ ആ സമയത്ത് നമ്മുടെ കൂടെ പോകാനുള്ള ആളുകൾ പള്ളിയുടെ മുൻപിൽ എത്തും; അവരോടൊത്ത് നമുക്കും ചേരാം, എന്നൊക്കെയുള്ള രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്യുമായിരുന്നു.
എന്നാൽ ഇപ്പോളത്തെ വികാരിയച്ചൻ വന്നതിൽ പിന്നെ ഇങ്ങിനെയുള്ള കാര്യങ്ങളിൽ ഒരുറപ്പും ഇല്ല. 8:30 ന് കുർബാന തുടങ്ങും എന്നത് ഉറപ്പാണെങ്കിലും എപ്പോൾ തീരും, ഇടയ്ക്കു പ്രസംഗം ഉണ്ടാവുമോ, കുർബാന കഴിയുമ്പോളുള്ള പ്രസംഗം എത്ര സമയം ഉണ്ടാവും എന്നതൊക്കെയുള്ള കാര്യങ്ങളിൽ തികഞ്ഞ അനിശ്ചിതത്വം ആണ് നിലവിൽ. ചില ഞായറാഴ്ച്ചകളിൽ പ്രസംഗം ഒഴിവാക്കി 10 മണിക്ക് മുൻപേ പിരിഞ്ഞിട്ടുണ്ട്. ചില ഞായറാഴ്ച്ചകളിൽ 10:30 വരെ ആയിട്ടുണ്ട്. കുർബാന മദ്ധ്യേയും അവസാനവും മെഗാ പ്രസംഗങ്ങൾ നടത്തി ചില ഞായറാഴ്ചകളിൽ 11 മണി വരെ പോയിട്ടുണ്ട്. ആഹാരം തരുന്നില്ലേ, ഞണ്ണിയിട്ട് പതുക്കെ വീട്ടിൽപോയാൽ മതിയല്ലോ, വീട്ടിൽ ചെന്ന് ഉടനെ അരി അടുപ്പത്തിടുകയോ കറി വെക്കുകയോ ഒന്നും വേണ്ടല്ലോ; എന്നാൽപ്പിന്നെ നിനക്കൊക്കെ കുറച്ചുനേരം ഇരുന്ന് ഞാൻ പറയുന്നത് കേട്ടിട്ട് പോയാലെന്താ കുഴപ്പം എന്ന രീതിയിലുള്ള പ്രതികാര മനോഭാവത്തോടുകൂടിയാണ് അച്ചൻ പെരുമാറുന്നതെന്ന് ചിലപ്പോൾ തോന്നിപ്പോകും.
കഴിഞ്ഞ ഞായറാഴ്ച്ചയിൽ (02-Mar-2025) അച്ചന്റെ കുർബാനമദ്ധ്യേയുള്ള പ്രസംഗം എന്നെ വല്ലാതെ ആകർഷിച്ചു. ഒരേ കാര്യം തന്നെ പല തവണ പറഞ്ഞതുകൊണ്ട് ആവർത്തന വിരസതയുണ്ടായെങ്കിലും പ്രസംഗത്തിന്റെ ഉള്ളടക്കം വളരെ ശ്രേഷ്ഠമായിരുന്നുവെന്നു തന്നെയാണ് എന്റെ അഭിപ്രായം. നോമ്പ് മത്സ്യമാംസാദികൾ വർജ്ജിച്ചതുകൊണ്ട് മാത്രം സാർത്ഥകമാവില്ല; മറിച്ചു, അമിതമായ സംസാരവും ബഹളവും ഒച്ചപ്പാടും അട്ടഹാസവും ഒക്കെ ഒഴിവാക്കിയെങ്കിലേ നോമ്പ് പൂർണ്ണമാവൂ എന്നത് അങ്ങേയറ്റം മഹത്തായ ഒരു നിരീക്ഷണമായി തോന്നി. പക്ഷെ അച്ചൻ തന്നെ അമിതമായും അനാവശ്യമായും സംസാരിച്ച് ആ പ്രസംഗത്തിന്റെ അന്തസ്സത്തയെ തോൽപ്പിച്ചുവെന്നാണ് എനിക്ക് തോന്നിയത്.
8:30 മുതൽ 11 മണി വരെ നീണ്ടുനിൽക്കുന്ന ശുശ്രുഷ എന്റെ പ്രായത്തിലുള്ളവർക്ക് വലിയ ഭാരമാണ്. രാവിലെ രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിച്ചിട്ടാണ് വരുന്നത്. 10 മണി മുതൽ മൂത്രശങ്ക ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ബ്ലാഡർ ഫുൾ ആയതിനാൽ കഴിഞ്ഞ ഞായറാഴ്ച്ച 10:30 മുതൽ എണീറ്റാലോയെന്നു പല തവണ ആലോചിച്ചു. കൈമുത്തിന് മുൻപ് പള്ളിയിൽനിന്നും ഇറങ്ങിയാൽ അച്ചൻ തെറ്റിദ്ധരിക്കുമല്ലോയെന്നു കരുതി പണിപ്പെട്ട് പിടിച്ചുനിർത്തി.
കുർബ്ബാനക്ക് ശേഷം ഇഡ്ഡലിയും സാമ്പാറും വിളമ്പുമെന്നത് ഉറപ്പാണെങ്കിലും അത് ആഹാരത്തിൽ താല്പര്യമുള്ളവർക്ക് മാത്രമേ സന്തോഷം നൽകുന്നുള്ളുവല്ലോ! കേരളീയർ അരിയാഹാരം മെല്ലെമെല്ലെ ഉപേക്ഷിക്കുകയാണെന്നുള്ള വാർത്ത ഒരു പക്ഷെ അച്ചൻ അറിഞ്ഞിട്ടുണ്ടാവില്ല. മിക്കവാറും അപ്പച്ചന്മാരും അമ്മച്ചിമാരും ഡയബറ്റിസ് മൂലം കഴിയുന്നതും അന്നജം അടങ്ങുന്ന ആഹാരം ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അഥവാ കഴിക്കുകയാണെങ്കിൽ ഒരു ദോശ അല്ലെങ്കിൽ ഒരു ഇഡ്ഡലി ഒരു തവി ചോറ് എന്നൊക്കെയാണ് വൈദ്യോപദേശം. വീട്ടിൽ ഭാര്യയോ മകളോ മരുമകളോ വലിയ നിയന്ത്രണത്തിൽ ആഹാരം കൊടുക്കുന്ന ഈ വായോധികർക്ക് ഞായറാഴ്ച്ച നമ്മുടെ പള്ളിയിൽ ഓണമാണ്. ഒരു പരിധിയുമില്ല; എത്ര വേണമെങ്കിലും വെട്ടിവിഴുങ്ങാം. നടപ്പുരോഗികളായ ഇവർ അതിവേഗം കിടപ്പുരോഗികളായി മാറിക്കൊണ്ടിരിക്കുന്നുവെന്നത് ആ വീട്ടുകാരുടെ മാത്രം വേദനയായി മാറുന്നു. വല്ലവന്റെയും വീടിന് തീ പിടിക്കുമ്പോൾ കാണുവാൻ രസം!
കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിലും കുർബ്ബാനക്ക് ശേഷമുള്ള പ്രസംഗത്തിലും എന്തിനാണ് കുർബാനയ്ക്ക് വന്നവരെ ഇങ്ങിനെ ശകാരിക്കുന്നത് എന്നത് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യമാണ്. പൂവണ്ണാലച്ചൻ 10 മണിക്ക് കുർബാന പൂർത്തിയാക്കി “വന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു” എന്ന് പറഞ്ഞു എല്ലാവർക്കും കൈമുത്തു നൽകി യാത്രയാക്കുമ്പോൾ എന്തിനാണ് അച്ചൻ ഞങ്ങൾക്ക് നന്ദി പറയുന്നത് ഞങ്ങളല്ലേ അച്ചനോട് നന്ദി പറയേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോളാണ് അതിന്റെ പൊരുൾ മനസിലായത്. കുർബ്ബാനക്ക് വന്ന ഓരോരുത്തരെയും അച്ചൻ ബഹുമാനിക്കുന്നു, അവരുടെ സമയത്തിന് വിലയുണ്ടെന്നു വൈദീകൻ അംഗീകരിക്കുന്നുവെന്ന് പ്രകടമാക്കാനായിരുന്നു ആ നന്ദി പറച്ചിൽ എന്ന് ഇപ്പോൾ മനസിലാക്കുന്നു. ആ നന്ദി പറച്ചിലും ആദരവും ഒക്കെ സ്വീകരിച്ചു പോകുന്ന ഞായറാഴ്ച്ചകൾ വലിയ ആൽമനിർവൃതി നൽകിയിരുന്നു. പക്ഷെ, ഇപ്പോൾ അച്ചന്റെ ചീത്തവിളി കേട്ടിട്ട് വീട്ടിൽ ചെല്ലുമ്പോൾ വലിയ കുറ്റബോധം മനസ്സിൽ തോന്നുന്നു. പള്ളിയിൽനിന്നും ആഹാരം കഴിച്ച ദിവസങ്ങളിൽ കുറ്റബോധം പതിൻമടങ്ങ് വർധിക്കുകയും ചെയ്യുന്നു.
സത്യത്തിൽ വീക്കെൻഡും ഞായറാഴ്ചയും ഒക്കെ ഇപ്പോൾ വലിയ ഭീതിയോടുകൂടിയാണ് കാണുന്നത്. പണ്ടൊക്കെ വിശ്രമത്തിന്റെയും പുനരുജ്ജീവനത്തിന്റെയും അവസരമായി കണ്ടിരുന്ന ആഴ്ച്ചാവസാനം ഇപ്പോൾ ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. കുർബാനയിൽ പങ്കെടുത്തു കഴിയുമ്പോൾ അനുഭവിച്ചിരുന്ന ആല്മീയനിറവ് ഓർമ്മയിൽ മാത്രമായി അവശേഷിക്കുന്നു.
Comments
Post a Comment