1971, പന്തളം എൻ. എസ്. എസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുന്ന സമയം. എയർഫോഴ്‌സിൽ ചേരണമെന്ന മോഹം ഏതാണ്ട് അഞ്ച് വർഷങ്ങളായി മനസ്സിൽ താലോലിച്ചുകൊണ്ട് നടന്നിരുന്നു. പക്ഷെ, ബാംഗ്ലൂരിൽ പോയി റിക്രൂട്ട്മെൻറ്റ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള ആൽമവിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. 1969 മുതൽ ആരംഭിച്ച അമിതമായ സിഗററ്റിൻറ്റെയും ബീഡിയുടെയും ഉപയോഗം സ്റ്റാമിന പൂർണ്ണമായി നശിപ്പിച്ചിരുന്നു. രാവിലെയും വൈകിട്ടും വലിച്ചിരുന്ന കഞ്ചാവ്ബീഡി ഓട്ടത്തിലും മറ്റ് കായികാഭ്യാസങ്ങളിലും പങ്കെടുക്കുവാനുള്ള എൻറ്റെ ഊർജ്ജം പൂർണ്ണമായി നഷ്ടപ്പെടുത്തിയിരുന്നു. നിരാശയുടെ പടുകുഴിയിലാണ്ടപ്പോൾ സിഗരറ്റ്/ബീഡികളുടെ എണ്ണവും കഞ്ചാവിൻറ്റെ അളവും ദിനംപ്രതി വർധിച്ചു.
ആ സമയത്താണ് വന്ദ്യനായ തോമസ് കുമ്പുക്കാട്ടച്ചൻ ഞങ്ങളുടെ പള്ളിയുടെ വികാരിയായെത്തിയത്. ആദ്യ ദിവസം തന്നെ എൻറ്റെ പിതാവും മാതാവുമായി പരിചയപ്പെട്ടു. അന്ന് ആകെ അമ്പതിൽ താഴെ കുടുംബങ്ങളേ ഇടവകയിൽ ഉണ്ടായിരുന്നുള്ളൂ. അച്ചൻ അടൂരിലെത്തിക്കഴിഞ്ഞുള്ള ആദ്യദിനങ്ങളിൽ തന്നെ എൻറ്റെ അമ്മച്ചി എൻറ്റെ വിഷയം അച്ചൻറ്റെ മുൻപിൽ അവതരിപ്പിച്ചു. എനിക്കാകെയുള്ള ഒരു മകനാണ്, ഞാനെൻറ്റെ ചിറകിൻ കീഴിൽ സംരക്ഷിച്ചു വളർത്തിയതാണ്, കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ എനിക്കവനെ നഷ്ടമായി, അവനെന്തോ കുഴപ്പമുണ്ട്, അവനാകെ മാറിപ്പോയി എന്നൊക്കെയായിരുന്നിരിക്കാം അമ്മച്ചിയുടെ പരിവേദനങ്ങൾ. കഞ്ചാവിന് അടിമയായ വിവരം അമ്മച്ചിക്കറിയില്ലായിരുന്നു. ഒരാഴ്ച്ച എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ എന്നെ അച്ചൻറ്റെയടുത്ത് കൗൺസലിംഗിന് വിടണമെന്ന് അച്ചൻ ആവശ്യപ്പെട്ടു. എൻറ്റെ മാതാപിതാക്കൾ സന്തോഷത്തോടുകൂടി അതിനു സമ്മതിക്കുകയും ചെയ്തു.
രാവിലെ പത്തുമണി മുതൽ അച്ചനും ഞാനും ധാരാളം കാര്യങ്ങൾ സംസാരിക്കുമായിരുന്നു. പതിനൊന്നു മണി മുതൽ വൈകിട്ട് നാലുമണി വരെ അച്ചൻ തരുന്ന ഏതെങ്കിലും പുസ്തകം വായിക്കുകയെന്നതായിരുന്നു എൻറ്റെ പരിപാടി. വായിച്ച ഭാഗത്തുനിന്നും ചില ചോദ്യങ്ങൾ അച്ചൻ വൈകിട്ട് ചോദിക്കുമായിരുന്നുവെന്നതിനാൽ വായനയിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയുമായിരുന്നില്ല. കൗൺസലിംഗിൻറ്റെ ആദ്യദിനങ്ങളിൽ തന്നെ ഞാൻ കഞ്ചാവിന് അടിമയാണെന്ന വിവരം അച്ചൻ മനസ്സിലാക്കി. എവിടെ നിന്നാണ് എനിക്ക് കഞ്ചാവ് കിട്ടുന്നതെന്നും അച്ചൻ മനസ്സിലാക്കി. ആ കടയിൽ അച്ചൻ നേരിട്ടുപോയി ഇവനിനി കഞ്ചാവ് കൊടുക്കരുതെന്ന് കടക്കാരനോട് പറയുകയും ചെയ്തു. അങ്ങിനെ വലിക്കാൻ കഞ്ചാവ് കിട്ടാതെ ഞാൻ കൂടുതൽ അസ്വസ്ഥനായി.
ഒരാഴ്ചത്തെ കൗൺസലിംഗ് അച്ചൻ അനിശ്ചിത കാലത്തേക്ക് നീട്ടി. എൻറ്റെ വിത്‌ഡ്രാവൽ സിംപ്‌റ്റംസ് നിയന്ത്രിക്കുവാനായി ശാരീരികായാസം നൽകുന്ന ചില പദ്ധതികൾ അച്ചൻ തയ്യാറാക്കി. ആദ്യം അൽപ്പം ഓട്ടവും ചാട്ടവും ഒക്കെയായി തുടങ്ങി. അത് പിന്നീട് വിപുലീകരിച്ചു. കൂന്താലിയും തൂമ്പായും ഒക്കെ സംഘടിപ്പിച്ച് അച്ചൻറ്റെ താമസസ്ഥലത്തിന് മുൻപിലുള്ള സ്ഥലം കാട് തെളിക്കുകയും കിളയ്ക്കുകയും ഒക്കെ ചെയ്തു. കുറേ സ്ഥലത്ത് കപ്പ നട്ടു. ഒരു പച്ചക്കറി തോട്ടമുണ്ടാക്കി. രാവിലെ ഒൻപതു മണിക്ക് വരുന്ന ഞാൻ വൈകിട്ട് ഏഴു മണിയോടുകൂടി മാത്രമേ തിരികെ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ. എൻറ്റെ കൂട്ടുകാരായ പുത്തൻപുരയിലെ റോയിയും, ബാബുജിയും, കിഴക്കേവീട്ടിൽ (തറമംഗലം) രാജുവും ഒക്കെ ഒപ്പം കൂടി. ഹോളി ഏൻജൽസ് സ്കൂളിൻറ്റെ ഇപ്പോഴത്തെ മെയിൻ ഗേറ്റ് നിലകൊള്ളുന്ന സ്ഥലത്തിന് അടുത്തായി ഒരു വോളിബാൾ ഗ്രൗണ്ടും ഉണ്ടാക്കി. അച്ചൻ തിരുവനന്തപുരത്തുനിന്നും വോളിബോളും നെറ്റും വരുത്തിച്ചു. വൈകിട്ട് നാലര മുതൽ ഏഴു മണിവരെയും വോളിബാൾ കളി നീണ്ടു. ഇടവകക്കാരും അല്ലാത്തവരുമായ പത്തു പതിനഞ്ച് ചെറുപ്പക്കാർ എല്ലാ ദിവസവും വൈകിട്ട് അവിടെ കൂടുമായിരുന്നു. ആ ചെറുപ്പക്കാരുമായി ഒരു സോഷ്യൽ സർവീസ് ലീഗ് ആദ്യമായി അടൂരിൽ ആരംഭിക്കുവാൻ അച്ചൻ നേതൃത്വം നൽകി. എൻറ്റെ കൂട്ടുകാരനായിരുന്ന കൊച്ചുമോൻറ്റെ പിതാവ് പുതുവീട്ടിൽ കുട്ടിച്ചായനെ സോഷ്യൽ സർവീസ് ലീഗിൻറ്റെ പേട്രൺ ആക്കി. എന്നെ അതിന്റെ പ്രസിഡണ്ട് ആക്കി.
അച്ചൻറ്റെ ഓല മേഞ്ഞ താമസസ്ഥലം മേയുന്നതിനുള്ള ഓല ഞങ്ങൾ തന്നെ തയ്യാറാക്കി. ഓലക്കെട്ടുകൾ കണ്ണംകോട് പള്ളിയ്ക്ക് സമീപം വലിയ തോട്ടിൽ ഒരു മാസത്തോളം നിക്ഷേപിച്ച് കുതിർക്കുവാനായി ഉന്തുവണ്ടി വാടകയ്‌ക്കെടുത്ത് ഞങ്ങൾ തന്നെ കൊണ്ടുപോയി. ഓല മെടയുന്നതിനു മാത്രം കൂലി കൊടുത്ത് രണ്ടുമൂന്നു സ്ത്രീ തൊഴിലാളികളെ ഏർപ്പാടാക്കി. മിച്ചം വന്ന ഓലകൊണ്ട് ജീവകാരുണ്യ പ്രവർത്തനമായി രണ്ടു വീടുകൾ മേഞ്ഞു കൊടുക്കുകയും ചെയ്തു.
ഏതാണ്ട് രണ്ടുമാസക്കാലയളവിനുള്ളിൽ ഞാൻ പൂർണ്ണമായും കർമ്മനിരതനായ ഒരു ചെറുപ്പക്കാരനായി മാറിയിരുന്നു. എന്നിലെ മാറ്റങ്ങൾ അച്ചൻ നിരന്തരം വീക്ഷിക്കുന്നുണ്ടായിരുന്നു. നല്ലവണ്ണം അധ്വാനിക്കുകയും വിയർക്കുകയും ചെയ്തതുകൊണ്ട് സിഗരറ്റ്/ബീഡി വലിയോടും കഞ്ചാവുപയോഗത്തോടുമൊക്കെയുള്ള താൽപ്പര്യം സ്വാഭാവികമായും നിന്നു. എങ്ങിനെയും ആരോഗ്യം വീണ്ടെടുക്കണമെന്ന ആഗ്രഹം മനസ്സിൽ നാമ്പിട്ടു. മുട്ടയും പാലും ആടിൻറ്റെ തലച്ചോറുമൊക്കെ എനിക്ക് നൽകണമെന്ന് അച്ചൻ വീട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
അക്കാലത്ത് മലയാള മനോരമയുടെ സണ്ടേ സപ്പ്ളിമെൻറ്റിൽ ഓരോ ആഴ്ചയും ഓരോ യോഗാഭ്യാസം ചിത്രസഹിതം വന്നിരുന്നു. അവയിൽ ചിലത് പഠിക്കുവാൻ അച്ചൻ എന്നോട് നിർദ്ദേശിച്ചു. രാവിലെ ആറര വരെ കിടന്നുറങ്ങിയിരുന്ന എന്നെ അഞ്ചരയ്ക്ക് ഉറക്കമുണരുന്നവനാക്കിയതും കുമ്പുക്കാട്ടച്ചനാണ്. അങ്ങനെ തുടങ്ങിയ യോഗാഭ്യാസം പിന്നീട് എൻറ്റെ ജീവിതത്തിൻറ്റെ ഭാഗമായി മാറി, എൻറ്റെ ജീവിതം തന്നെ മാറ്റി മറിച്ചു. 1971 ഡിസംബർ ആദ്യവാരം ഞാൻ ബാംഗ്ലൂരിൽ എയർഫോഴ്‌സിൽ ചേരുവാനുള്ള ടെസ്റ്റിൽ പങ്കെടുത്തു. ആദ്യശ്രമത്തിൽ തന്നെ പാസ്സായി 1972 ഏപ്രിൽ 14 വിഷുദിനത്തിൽ എയർഫോഴ്‌സിൽ ചേർന്നു.
കുമ്പുക്കാട്ടച്ചൻറ്റെ ഇടപെടൽ അതിശയകരമായ മാറ്റമായിരുന്നു എന്നിൽ ഉണ്ടാക്കിയത്. കൈവിട്ടുപോയ എൻറ്റെ ജീവിതം തിരിച്ചുപിടിക്കാൻ എന്നെ സഹായിച്ചത് കുമ്പുക്കാട്ടച്ചനാണ്. അദ്ദേഹത്തിൻറ്റെ ആൽമാവിന് നിത്യശാന്തി നേരുന്നു.
Comments
Post a Comment